കൊച്ചി: എറണാകുളം അങ്കമാലി റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. അരമണിക്കൂറോളം പരിഭ്രാന്തി പടർത്തിയ യുവാവിനെ റെയിൽവേ പോലീസും അഗ്നിരക്ഷാസേനയും അനുനയിപ്പിച്ച് താഴെയിറക്കി.
തനിക്കെതിരെ പോലീസ് കേസുണ്ടെന്നും ഇത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. എന്നാൽ, പോലീസ് ഇത് കാര്യമായി എടുത്തിട്ടില്ല. അങ്കമാലി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലെന്ന് പോലീസ് അറിയിച്ചു.
ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ താഴെയിറക്കിയത്. കൊല്ലം ചടയമംഗലം സ്വദേശിയാണ് യുവാവ്. അങ്കമാലിയിൽ എത്തിയത് എന്തിനാണെന്നത് അടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.