ആംബുലൻസ് മറിഞ്ഞ് വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്ന കാലടി സ്വദേശിയായ രോഗി മരിച്ചു. കഴിഞ്ഞ മാസം ആലുവ പുളിഞ്ചോടിനു സമീപമായിരുന്നു അപകടം. അതിനു മുൻപ് പുത്തൻകുരിശിൽ ആംബുലൻസ് തലകീഴായി മറിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയെ എത്തിച്ചശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മടങ്ങിയ വാഹനം മറിഞ്ഞ് ഡ്രൈവർക്കും നേഴ്‌സിനുമാണ് പരിക്കേറ്റത്.

ഇതിന് കുറച്ചുദിവസം മുൻപ് സീപോർട്ട്-എയർപോർട്ട് റോഡിൽ ആംബുലൻസ് മറിഞ്ഞു. കളമശ്ശേരി ഭാഗത്ത് നിയന്ത്രണംവിട്ട ആംബുലൻസ് മറിഞ്ഞ് രോഗിക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു. കഴിഞ്ഞ കുറച്ചു നാളുകൾക്കിടെ ജില്ലയുടെ പല ഭാഗങ്ങളിലായി നടന്ന ആംബുലൻസ് അപകടങ്ങളാണിത്. രോഗിയുമായി പോയ വാഹനവും രോഗിയില്ലാതെ പാഞ്ഞ വാഹനങ്ങളും അപകടത്തിൽപ്പെടുന്നത് കൂടുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.

ആംബുലൻസ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ അമിതവേഗമെടുക്കാവൂ, സുരക്ഷാക്രമീകരണങ്ങൾ പാലിക്കണം തുടങ്ങിയ കാര്യങ്ങളാണ് നിർദേശത്തിലുള്ളത്. രോഗികൾ ഇല്ലാതെ ചീറിപ്പായുന്ന ആംബുലൻസുകൾ പരിശോധിച്ചാൽ രോഗിയെ എടുക്കാൻ പോകുന്നുവെന്ന മറുപടിയാണ് ലഭിക്കുക. ഇതിനാൽ ഇവരെ വിശദമായി ചോദ്യം ചെയ്യാൻപോലും സാധിക്കാത്ത അവസ്ഥയാണന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ഡ്രൈവർമാർക്ക് ബോധവത്കരണം

അമിതവേഗത്തിലുള്ള യാത്ര ആംബുലൻസ് ഡ്രൈവർമാർക്ക് മാനസിക പിരിമുറുക്കത്തിന് കാരണമാകും. ഇത് ഹൃദയാഘാതത്തിനു വരെ ഇടയാക്കും. ഈ സാഹചര്യത്തിൽ ഡ്രൈവർമാർക്കായി കൗൺസലിങ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് എറണാകുളം ആർടിഒ കെ.ആർ.സുരേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *