തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണില്‍ നോട്ടീസ് നല്‍കി. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള ആരോഗ്യവകുപ്പിന്റെ തീരുമാനം.

ഡോ. ഹാരിസ് ചിറക്കല്‍ നടത്തിയ പരസ്യപ്രതികരണം ചട്ട ലംഘനമാണെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ) കാരണം കാണിക്കല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതും പരസ്യ പ്രസ്താവന നടത്തിയതും ചട്ട ലംഘനമാണ്. ഡോക്ടര്‍ ഉന്നയിച്ച എല്ലാ പരാതികളിലും വസ്തുതയില്ലെന്ന് സമിതി കണ്ടെത്തിയെന്നും ഹാരിസിനയച്ച നോട്ടീസില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഹാരിസിന്റെ വിദശീകരണത്തിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണക്ഷാമം ഉണ്ടെന്നായിരുന്നു ഡോക്ടറുടെ തുറന്നുപറച്ചില്‍. ഉപകരണങ്ങള്‍ ലഭ്യമാകാത്തതോടെ ശസ്ത്രക്രിയകള്‍ മാറ്റിയെന്നും ഉപകരണങ്ങള്‍ എത്തിക്കാന്‍ ഒരു രൂപയുടെ പോലും പര്‍ച്ചേസിങ് പവര്‍ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകള്‍ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു എന്നിങ്ങനെ ആയിരുന്നു ഡോ. ഹാരിസ് ചിറയ്ക്കലിന്റെ പരാമര്‍ശങ്ങള്‍.

വിഷയം വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവച്ചത്. ഡാക്ടറുടെ വാദം അടിസ്ഥാനമില്ലാത്താതാണെന്നായിരുന്നു ആരോഗ്യവകുപ്പ് ആദ്യഘട്ടത്തില്‍ സ്വീകരിച്ച നിലപാട്. വിഷയത്തില്‍ വിദഗ്ധസമിതി അംഗങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി തെളിവുശേഖരിച്ചിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നും വാങ്ങുന്നതുസംബന്ധിച്ച്, ആശുപത്രി വികസനസമിതിയുടെ നടപടികളാണ് പരിശോധിച്ചത്. കഴിഞ്ഞ ഒരുവര്‍ഷത്തെ ശസ്ത്രക്രിയാവിവരങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *