ഇടുക്കി: കുമളിയിൽ നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച കാളവണ്ടിയോട്ട മത്സരത്തിൽ അപകടം. കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങൾക്കിടയിലേക്ക് പാഞ്ഞു കയറി. ആർക്കും പരിക്കില്ല. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.തിരക്കേറിയ കുമളി ടൗണിൽവച്ച് ഒരു ചക്രം ഊരിപ്പോയിട്ടും കാളവണ്ടി നിർത്താതെ മുന്നോട്ടുപോയി.

മത്സരത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയ പൊലീസ് അപകടത്തിനു പിന്നാലെ തലയൂരാൻ നിലപാടു മാറ്റി. മത്സരമല്ല, കാളവണ്ടി ഉപയോഗിച്ച് വിളംബര ജാഥ നടത്തുമെന്നാണ് സിപിഎം അറിയിച്ചിരുന്നത് എന്നാണു പൊലീസ് ഭാഷ്യം. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സിപിഎം നടത്തിയിരിക്കുന്നതെന്നും കുറ്റക്കാർക്ക് എതിരെ നടപടി വേണമെന്നും ആനിമൽ വെൽഫെയർ ബോർഡ് അംഗം എം. എൻ. ജയചന്ദ്രൻ ആവശ്യപ്പെട്ടു.

തേനി ജില്ലയിൽനിന്ന് എത്തിച്ച ആറു കാളവണ്ടികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. കുമളി ഒന്നാം മൈലിൽനിന്ന് ആരംഭിച്ച് കുമളി ടൗൺ, ചെളിമട വഴി ഒന്നാം മൈലിൽ തിരിച്ചെത്തുന്ന വിധമാണ് മത്സരം നടത്തിയത്. രാവിലെ 9ന് തുടങ്ങും എന്ന് അറിയിച്ചിരുന്ന മത്സരം ഒരു മണിക്കൂറിലധികം വൈകിയാണ് ആരംഭിച്ചത്. വേണ്ടത്ര മുന്നറിയപ്പോ ഒരുക്കങ്ങളോ ഇല്ലാതെയായിരുന്നു പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *