ന്യൂഡൽഹി : ജി20 ഉച്ചകോടിയുടെ ഉദ്ഘാടന പ്രസംഗത്തിൽ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു പ്രദർശിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നു മാത്രമാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണു നിർണായക നടപടി.

പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തില്‍ ലോകനേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടനത്തിലാണു മോദിയുടെ ഇരിപ്പിടത്തില്‍ ജി20 ലോഗോയുള്ള ബോര്‍ഡില്‍ ‘ഭാരത്’ എന്നു രേഖപ്പെടുത്തിയത്. നേരത്തെ ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചതിനു പിന്നാലെയാണ്, പേരുമാറ്റ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

മോദിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും ‘ പ്രൈംമിനിസ്റ്റർ ഓഫ് ഭാരത്’ എന്നായിരുന്നു എഴുതിയത്. ഇതോടെ പേരുമാറ്റ ചര്‍ച്ചകള്‍ ചൂടുപിടിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായ അറിയിപ്പൊന്നും നല്‍കിയിട്ടില്ല. പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ നടത്തിയ പ്രതികരണം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *