കോട്ടയം : പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മൻ. 37719 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് ചാണ്ടി ഉമ്മന്റെ റെക്കോർഡ് നേട്ടം.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ചാണ്ടിഉമ്മന്റെ കുതിപ്പാണ് കണ്ടത്. ആദ്യ റൗണ്ടിൽ അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. പഞ്ചായത്തിലെ ഒന്നുമുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ എണ്ണിയപ്പോൾ തന്നെ 2816ന്റെ ലീഡാണ് ചാണ്ടി ഉമ്മൻ ഉയർത്തിയത്. ആദ്യ രണ്ടു റൗണ്ടുകളിലായി അയർക്കുന്നം പഞ്ചായത്തിലെ മുഴുവൻ ബൂത്തുകളിലെയും വോട്ടുകൾ എണ്ണിയപ്പോൾ 5487 വോട്ടുകളുടെ മുന്നേറ്റമാണ് ചാണ്ടി ഉമ്മൻ കാഴ്ചവെച്ചത്. 2021ൽ അയർക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച സ്ഥാനത്താണ് ഇത്തവണ നാലിരട്ടി വോട്ടുകൾ ചാണ്ടി ഉമ്മന് ലഭിച്ചത്.
7 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാർഥി), ഷാജി (സ്വതന്ത്ര സ്ഥാനാർഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കൽ – സ്വതന്ത്ര സ്ഥാനാർഥി) എന്നിവരാണ് മറ്റുസ്ഥാനാർഥികൾ.