കൊച്ചി: നെടുമ്പാശേരിയില്‍ മദ്യലഹരിയില്‍ കാറോടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി സുഹൈല്‍ സജീവ് ബോസ്റ്റല്‍ സ്‌കൂളില്‍ നിന്നു മോചിതനായി. അതിനിടെ സുഹൈലിനെ കൂട്ടിക്കൊണ്ടു പോകാന്‍ ബോസ്റ്റല്‍ സ്‌കൂളിനു മുന്‍പിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ സംഘവും മാധ്യമപ്രവര്‍ത്തകരുമായി വാക്കുതര്‍ക്കം ഉണ്ടായി. പ്രതിയെ ക്യാമറകളില്‍ നിന്ന് ഒളിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഉന്തും തള്ളുമുണ്ടായത്
‘ഇത്രയും നാളും വേട്ടയാടിയില്ലേ.. ഇനി മതിയാക്ക്, ഇനി അവനെ നിങ്ങള്‍ക്ക് വിട്ടുതരില്ല’ എന്നിങ്ങനെ പറഞ്ഞാണ് ബന്ധുക്കള്‍ സുഹൈലിന്റെ മുഖം പൂര്‍ണമായി മറച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയത്. ബോസ്റ്റല്‍ സ്‌കൂള്‍ കവാടം നിരോധിത മേഖലയാണെന്നും ദൃശ്യങ്ങള്‍ പകര്‍ത്തരുത് എന്നുമുള്ള സുഹൈലിന്റെ ബന്ധുക്കളുടെ വാദമാണു മാധ്യമപ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിനു വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് കാക്കനാട് ജില്ലാ ജയിലിനോടു ചേര്‍ന്നുള്ള ബോസ്റ്റല്‍ സ്‌കൂളില്‍ നിന്നു സുഹൈല്‍ മോചിതനായത്. ഹൈക്കോടതിയുടെ 10 ദിവസം മുന്‍പത്തെ ജാമ്യ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി. ഒക്ടോബര്‍ 11ന് പുലര്‍ച്ചെയാണു മൂന്നു ബാറുകളില്‍ കയറി അമിതമായി മദ്യപിച്ച ശേഷം അമിത വേഗത്തില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡിലൂടെ സുഹൈല്‍ പായിച്ച കാറിടിച്ചു സ്‌കൂട്ടര്‍ യാത്രികരായ കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ്, വയനാട് സ്വദേശി ദേവിക, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപിക എന്നിവര്‍ മരിച്ചത്. അനുവദനീയമായതിലും 5 ഇരട്ടി മദ്യം സുഹൈലിന്റെ ശരീരത്തിലുണ്ടായിരുന്നതായും മണിക്കൂറില്‍ 162 കിലോമീറ്റര്‍ വേഗത്തിലായിരുന്നു അപകടത്തിനു തൊട്ടുമുന്‍പു കാറെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
മനഃപൂര്‍വമായ നരഹത്യ ഉള്‍പ്പടെയുള്ള ഗുരുതര വകുപ്പുകളാണ് സുഹൈലിന്റെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളുടെയും പേരില്‍ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ആറാം തീയതി ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഡിജിറ്റല്‍ തെളിവ് ശേഖരണത്തിനും അന്വേഷണത്തിനും പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം തേടിയതിനാല്‍ മോചനം 10 ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.


