എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് നാളെ തുടക്കമാകുന്നതോടെ എരുമേലി പട്ടണം ഭക്തജനത്തിരക്കിലേക്ക്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 50 നിരീക്ഷണ ക്യാമറകളും 530 പോലീസുകാരുമാണ് സുരക്ഷാ ചുമതലയിൽ ഉണ്ടാകുക.
രാവും പകലും ഇടതടവില്ലാതെ മുഴങ്ങുന്ന ‘സ്വാമിയേ ശരണമയ്യപ്പ’ വിളികളാൽ മുഖരിതമാകുന്ന എരുമേലിയിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി പഴുതടച്ച സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
2019-ൽ 1.65 കോടി രൂപ ചെലവഴിച്ച് പോലീസ് സ്ഥാപിച്ച 36 സ്ഥിരം ഹൈടെക് ക്യാമറകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമെ പഞ്ചായത്തിന്റെ 14 ക്യാമറകളും കൂടി പ്രവർത്തനസജ്ജമായതോടെ പട്ടണത്തിൽ ആകെ 50 ക്യാമറകളുടെ നിരീക്ഷണമുണ്ടാകും.

ഓട്ടോമാറ്റിക്കായി കറങ്ങിയും വിവിധ ദിശകളിലേക്ക് തിരിഞ്ഞും ഹൈ റെസല്യൂഷനിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ക്യാമറകളിലൂടെ പ്രവേശന വഴികൾ, ആരാധനാലയങ്ങൾ, പാർക്കിംഗ് ഗ്രൗണ്ടുകൾ, ടൗൺ പരിസരങ്ങൾ എന്നിവ 24 മണിക്കൂറും നിരീക്ഷിക്കും.
നാളെ മണ്ഡലകാലം ആരംഭിക്കുന്നതോടെ എരുമേലിയിൽ പോലീസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങും. ഇതിന് പുറമെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലും തത്സമയ നിരീക്ഷണ സംവിധാനം പ്രവർത്തിക്കും.

ജനുവരി 20 വരെ ആറു ഘട്ടങ്ങളിലായാണ് പോലീസ് സേനയെ വിന്യസിക്കുന്നത്. മകരവിളക്ക്, ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളിൽ സേനാംഗങ്ങളുടെ എണ്ണം ഇരട്ടിയാക്കും. പ്രാദേശിക യുവാക്കളെ ഉൾപ്പെടുത്തി നൂറിലധികം സ്പെഷ്യൽ പോലീസുകാരെക്കൂടി നിയമിക്കുന്നതോടെ ആകെ അംഗബലം 600 കവിയും.
ജില്ലാ പോലീസ് മേധാവി സാബു മാത്യുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കാണ് പ്രധാന മേൽനോട്ട ചുമതല. നിരീക്ഷണ വിഭാഗത്തിന് നേതൃത്വം നൽകാൻ മറ്റൊരു ഡിവൈഎസ്പിയുമുണ്ടാകും.
മൂന്ന് സർക്കിൾ ഇൻസ്പെക്ടർമാർ, 55 എസ്.ഐ/എ.എസ്.ഐമാർ, വനിതാ ഉദ്യോഗസ്ഥരടക്കം 302 സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, 168 സിവിൽ പോലീസ് ഓഫീസർമാർ എന്നിവർ മൂന്ന് ഷിഫ്റ്റുകളിലായി രാവും പകലും ഡ്യൂട്ടിയിലുണ്ടാകും.


