ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ വീടിന് മുന്നില്‍ അമിത ശബ്ദത്തില്‍ ഡി.ജെ സംഗീതം വെച്ചതിനെത്തുടര്‍ന്ന് 20 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. മണിയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുടിയാരി ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ലക്ഷ്മി വിഗ്രഹ നിമജ്ജന ഘോഷയാത്രയുടെ ഭാഗമായി വലിയ സ്പീക്കറുകള്‍ ഘടിപ്പിച്ച ഡി.ജെ വാഹനം റീമ ദേവി എന്ന യുവതിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിടുകയായിരുന്നു.

ഈ സമയം അമ്മയോടൊപ്പം വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന നവജാതശിശു, പെട്ടെന്നുണ്ടായ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞെട്ടിയുണരുകയും നിര്‍ത്താതെ കരയുകയും ചെയ്തു. ശബ്ദം കുറയ്ക്കാനും വാഹനം വീടിന് മുന്നില്‍ നിന്ന് മാറ്റാനും കുടുംബാംഗങ്ങള്‍ ഡി.ജെ സംഘത്തോട് പലതവണ അപേക്ഷിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അമിതമായ ശബ്ദത്തിന്റെ ആഘാതത്തിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലയ്ക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ്റെ പരാതി.

പ്രസവശേഷം പരിചരിക്കാൻ ഭർതൃവീട്ടിൽ ആളില്ലാത്തതിനാൽ 10 ദിവസം മുമ്പാണ് റീമ ദേവി കുഞ്ഞുമായി മുടിയാരിയിലെ സ്വന്തം വീട്ടിലെത്തിയത്. കുഞ്ഞ് അബോധാവസ്ഥയിലായതോടെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബല്ലിയ പൊലീസ് കേസെടുത്തു. ഡി.ജെ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ഓപ്പറേറ്ററെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ മരണകാരണം കൃത്യമായി അറിയുന്നതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *