തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർധിപ്പിക്കില്ലെന്ന് മന്ത്രി സി.പി. ജോൺ. ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം മന്ത്രി തള്ളി. എന്നാൽ, നിരക്ക് വർധന ഒഴികെയുള്ള ബസുടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബസുടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വർധനയ്ക്ക് എതിരാണെന്നാണ് മന്ത്രിയുടെ വിശദീകരണം. നിരക്ക് വർധിപ്പിച്ചാൽ യാത്രക്കാരുടെ എണ്ണം കുറയുമെന്നും ആളുകൾ സ്വകാര്യ വാഹനങ്ങളിലേക്ക് മാറുമെന്നുമാണ് ഇവരുടെ ആശങ്ക. ഒരുകാലത്ത് സംസ്ഥാനത്ത് 30,000 ബസുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 8,000 ആയി കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. 2022-ലാണ് അവസാനമായി ഓട്ടോ ടാക്സി നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി വിശദീകരിച്ചു.
കുട്ടികൾ പ്രതികളാകുന്ന വാഹനാപകടങ്ങളിൽ രക്ഷിതാക്കൾക്കും ഉത്തരവാദിത്തം

കൗമാരക്കാർ പ്രതികളാകുന്ന വാഹനാപകടങ്ങളിൽ രക്ഷിതാക്കൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു. മക്കൾ വാഹനമോടിച്ചത് അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. വാഹനത്തിന്റെ ഉടമകളെന്ന നിലയിൽ രക്ഷിതാക്കൾക്കും ശിക്ഷ ലഭിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
മദ്യപിച്ച് വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ വർധിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


