തിരുവനന്തപുരം: പൊതുസ്ഥലത്തെ സമരപ്പന്തലുമായി ബന്ധപ്പെട്ട് നിരവധി കോടതി അലക്ഷ്യ കേസുകളുള്ള പശ്ചാത്തലത്തിലാണ്, എല്‍പിഎസ്ടി സമരപ്പന്തല്‍ പൊലീസ് പൊളിച്ചു മാറ്റിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊതുസ്ഥലത്തെ സമരപ്പന്തലില്‍ കോടതി നിര്‍ദേശം പാലിക്കേണ്ടതുണ്ട്. വിവരം അറിഞ്ഞപ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ല, സമരം ചെയ്യുന്നവര്‍ സമരം ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു. വളർമതി കുറെ ദിവസമായി നിരാഹാരം കിടക്കുകയാണ്. ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

സമരക്കാരുടെ അഞ്ചില്‍ നാലു ഡിമാന്റുകളും അംഗീകരിച്ചു. അഞ്ചാമത്തെ ഡിമാന്‍ഡ് അംഗീകരിക്കാന്‍ സര്‍ക്കാരിന് മാര്‍ഗമില്ലാത്തതുകൊണ്ടാണ്. അത് പ്രായോഗികമല്ലാത്തതുകൊണ്ടാണ്. ഒരു സമരം നടത്തുമ്പോള്‍ എല്ലാ ഡിമാന്റുകളും അംഗീകരിച്ചുകൊണ്ട് സമരം തീര്‍ക്കാന്‍ കഴിയുമോ?. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്ന കാര്യങ്ങളല്ലേ?. അതുകൊണ്ട് അവര്‍ സമരം അവസാനിപ്പിച്ച് സര്‍ക്കാരുമായി സഹകരിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സുപ്രീംകോടതിയുടെ ഉത്തരവുണ്ട്. പൊലീസുകാരുടെ പേരില്‍ നിരന്തരമായി കോടതി അലക്ഷ്യ കേസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് സമരപ്പന്തല്‍ പൊളിച്ചു നീക്കിയത്. അല്ലാതെ ആരെങ്കിലും സെക്രട്ടേറിയറ്റ് പടിക്കല്‍ പന്തലു കെട്ടി സമരം നടത്തുന്നതിന് നമുക്ക് ഒരു എതിര്‍പ്പുമില്ല. ലോകത്ത് എല്ലായിടത്തും ഇത്തരം സമരം നടക്കുന്നുണ്ട്. സമരങ്ങളോട് സര്‍ക്കാരിന് ഒരു അലര്‍ജിയുമില്ല. സമരങ്ങള്‍ ചെയ്യുന്നതിനോട് സര്‍ക്കാരിന് ഒരു എതിര്‍പ്പുമില്ല. എന്നാല്‍ എല്ലാ ഡിമാന്റുകളും ഒരുമിച്ച് പരിഹരിക്കാന്‍ കഴിയില്ല എന്ന് സമരം ചെയ്യുന്നവര്‍ മനസ്സിലാക്കേണ്ടതാണ്. രമേശ് ചെന്നിത്തല പറഞ്ഞു.

മന്ത്രിസഭയ്ക്ക് അകത്ത് ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഇന്നലെ കെപിസിസി പ്രസിഡന്റും താനും മുഖ്യമന്ത്രിയും മണിക്കൂറുകളോളം ഒരുമിച്ചുണ്ടായിരുന്നു. ഒരു തര്‍ക്കവുമില്ല. സര്‍ക്കാരിനോ പാര്‍ട്ടിയിലോ അത്തരം അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതു പറഞ്ഞു തീര്‍ക്കാനുള്ള സാഹചര്യം ഇപ്പോള്‍ കേരളത്തിലുണ്ട്. യാതൊരു വിധത്തിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പാര്‍ട്ടിയിലോ സര്‍ക്കാരിലോ ഇല്ല. ഇപ്പോള്‍ ഒരു പ്രശ്‌നവും യുഡിഎഫിലോ പാര്‍ട്ടിയിലോ സര്‍ക്കാരിലോ ഇല്ല. തര്‍ക്കങ്ങളെല്ലാം പരിഹരിച്ചുപോകാനുള്ള ഇച്ഛാശക്തി യുഡിഎഫിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഉണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മുന്നണിയിലോ പാര്‍ട്ടിയിലോ അഭിപ്രായവ്യത്യാസങ്ങളൊന്നും ഇപ്പോഴില്ല. ചില കാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരും. അതു സ്വാഭാവികമാണ്. മുഖ്യമന്ത്രിയും താനും സണ്ണിജോസഫും കൂടി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിരുന്നു. ഒരു വിഷയവുമില്ല. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. യുഡിഎഫില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ചുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

ആരാണെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന്, യുഡിഎഫ് സഖ്യകക്ഷി നേതാവായ രാജേന്ദ്രന്‍ വെണ്ണപ്പാലത്തിന്റെ അറസ്റ്റില്‍ ചെന്നിത്തല പ്രതികരിച്ചു. നിയമപരമായി മാത്രമേ പൊലീസിന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഈ പറഞ്ഞ വ്യക്തി കഴിഞ്ഞ കുറച്ചുകാലങ്ങളായി യുഡിഎഫ് യോഗങ്ങളിലൊന്നും പങ്കെടുക്കാറില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *