തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴ. അരമണിക്കൂറിലേറെ നേരമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. അപ്രതീക്ഷിതമായി പെയ്ത മഴ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പലയിടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. അടുത്ത മൂന്ന് മണിക്കൂറില്‍ തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

04/11/2026: കോട്ടയം, ഇടുക്കി, വയനാട്
06/11/2026: ഇടുക്കി, എറണാകുളം
07/11/2026: പത്തനംതിട്ട, കോട്ടയം
08/11/2026: ആലപ്പുഴ, കോട്ടയം, എറണാകുളം

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

ഡാം വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ, അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു വരികയും ജലനിരപ്പ് ക്രമാനുഗതമായി ഉയരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ 2, 3, 4, 5 നമ്പർ ഷട്ടറുകൾ ഇന്ന് (ഒക്ടോബർ 4) വൈകിട്ട് 3.30-ന് 20 സെന്റിമീറ്റർ വീതം കൂടി (നേരത്തെ ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 120 സെന്റീമീറ്റർ ) ഉയർത്തും.

ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ .എസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *