തിരുവനന്തപുരം∙ സംസ്ഥാനത്തൊട്ടാകെ നടത്തിയ സ്‌പെഷല്‍ ഡ്രൈവില്‍ മദ്യപിച്ച് വാഹനം ഓടിച്ച 21 സ്കൂൾ ബസ് ഡ്രൈവര്‍മാര്‍ പിടിയിൽ. ഇന്ന് രാവിലെ 5 മണി മുതല്‍ 8 മണി വരെ ആകെ 4504 സ്‌കൂള്‍ ബസുകളാണ് പൊലീസ് പരിശോധിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ അഞ്ചു വീതം കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. കോട്ടയത്ത് 3 കേസുകളും കണ്ണൂരില്‍ 2 കേസുകളും തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ഓരോ കേസ് വീതവും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും വാഹന പരിശോധന തുടരുമെന്ന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി.വിജയന്‍ അറിയിച്ചു.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ഒക്ടോബര്‍ 20 മുതല്‍ 27 വരെ പൊലീസ് നടത്തിയ പ്രത്യേക ഡ്രൈവില്‍ 6,939 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും 2,034 പേരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നൽകുകയും ചെയ്തിരുന്നു. ആകെ 1,50,621 വാഹനങ്ങളാണ് പരിശോധിച്ചത്. എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് -678. കൊല്ലം സിറ്റി-619, തിരുവനന്തപുരം റൂറല്‍-585, പാലക്കാട്-584, കോട്ടയം-528 എന്നിങ്ങനെയാണ് മറ്റ് പ്രധാന കണക്കുകള്‍. ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിന് ഏറ്റവും കൂടുതല്‍ ശുപാര്‍ശകള്‍ നല്‍കിയത് കോട്ടയം ജില്ലയിലാണ്-507. കൊല്ലം സിറ്റി-390, ആലപ്പുഴ-244, തൃശൂര്‍ സിറ്റി-148, കോഴിക്കോട് റൂറല്‍-142 എന്നിങ്ങനെയാണ് ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കിയത്.

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ‘ശുഭയാത്ര’ വാട്‌സാപ്പ് നമ്പര്‍ (9747001099) മുഖേന പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം. നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വിഡിയോ എന്നിവയോടൊപ്പം ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ എന്നിവയും അയയ്ക്കണം.

Leave a Reply

Your email address will not be published. Required fields are marked *