തിരുവനന്തപുരം: സംസ്ഥാനത്ത് എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബില്‍ നാളെ നിയമസഭ പാസാക്കും. എംഎല്‍എമാരുടെ ശമ്പളം 98,000 രൂപയാകും. മന്ത്രിമാരുടെ ശമ്പളം 1.33 ലക്ഷമാകും. ശമ്പളം കൂട്ടാനുള്ള പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശ കണക്കിലെടുത്താണ് തീരുമാനം.

ശമ്പള വര്‍ധന അനിവാര്യമെന്ന് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിലവര്‍ധന, പെട്രോള്‍ ചാര്‍ജ്, എല്ലാ തരത്തിലും പ്രയാസമുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും തുടര്‍ന്ന് സഭയില്‍ ബില്ലായി കൊണ്ടുവരാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞിരുന്നു.

2018 ലാണ് എംഎല്‍എമാരുടെ ശമ്പളം അവസാനമായി വര്‍ധിപ്പിച്ചത്. പഠന റിപ്പോര്‍ട്ട് പ്രകാരം നിലവിലെ ആനുകൂല്യങ്ങളില്‍ മുപ്പത്തി അഞ്ച് ശതമാനം വരെ ഉയര്‍ത്താമെന്നാണ്. സിറ്റിങ് ഫീസ്, ചികില്‍സാ പരിധി, ടെലഫോണ്‍ ചാര്‍ജ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളെല്ലാം വര്‍ധിക്കും.
നിലവില്‍ എംഎല്‍എയ്ക്കു കിട്ടുന്നത്
പ്രതിമാസ നിശ്ചിത അലവന്‍സ് – 2000 രൂപ
മണ്ഡലം അലവന്‍സ് – 25000 രൂപ
ടെലിഫോണ്‍ അലവന്‍സ് – 11000 രൂപ
ഇന്‍ഫര്‍മേഷന്‍ അലവന്‍സ് – 4000 രൂപ
മിനിമം യാത്രാക്കൂലി – 20000 രൂപ
മറ്റ് ചെലവുകള്‍ക്ക് – 8000 രൂപ

ഇതിനുപുറമേ ഓരോ കിലോമീറ്റര്‍ യാത്രയ്ക്കും അധികമായി 10 രൂപ, വര്‍ഷം നാലുലക്ഷം രൂപയുടെ റെയില്‍വേ കൂപ്പണ്‍, സംസ്ഥാനത്തിനകത്ത് ആയിരവും പുറത്ത് 1200 രൂപയും ദിനബത്ത, . ചികിത്സാച്ചെലവ്, കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, 10 ലക്ഷം രൂപ വരെ പലിശരഹിത വാഹനവായ്പ. കുറഞ്ഞ പലിശയ്ക്ക് 20 ലക്ഷം രൂപ വരെ ഭവനവായ്പ, 15,000 രൂപ പുസ്തക അലവന്‍സ് എന്നിവ ലഭിക്കും. എംഎല്‍എ ആയിരുന്ന കാലാവധി അനുസരിച്ച് 8000 മുതല്‍ 20,000 രൂപവരെയാണ് പെന്‍ഷന്‍. മന്ത്രിമാര്‍ക്ക് രണ്ടായിരം രൂപ അടിസ്ഥാനശമ്പളമുണ്ട്. ക്ഷാമബത്ത – 28429, മണ്ഡല അലവന്‍സ് – 40000, യാത്രാബത്ത – 17000.
മന്ത്രിമാര്‍ക്കെല്ലാം സകുടുംബം പൂര്‍ണ ചികിത്സാ പരിരക്ഷയും ലഭിക്കും. വാഹന അഡ്വാന്‍സ് ആയി 10 ലക്ഷം രൂപ, ഭവന അഡ്വാന്‍സ് ആയി 20 ലക്ഷം രൂപ എന്നിങ്ങനെയും ആനുകൂല്യങ്ങള്‍ ഉണ്ട്. മന്ത്രിമാര്‍ക്ക് സ്വന്തമായി ഔദ്യോഗിക വസതിയും കാറും പൈലറ്റ് വാഹനവും ലഭിക്കും.


