തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ആണ് ഓറഞ്ചലെർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തിൽ ഇന്നും നാളെയും സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ കേരളം ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധത്തിനും വിലക്കുണ്ട്. പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, വയനാട് ജില്ലയിൽ കാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടലിലും കേരളം തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ്ദ പാത്തി ട്രഫ് (Trough) സ്ഥിതിചെയ്യുന്നു.

ബംഗാൾ ഉൾക്കടലിൽ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും മുകളായിലായി തീവ്രന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇത് അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് രാവിലെ മധ്യബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും ഒക്ടോബർ 27-ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് പ്രവചനം


