കൊച്ചി ∙ വാഹനം ഓടിക്കാനുള്ള കൊതി കൊണ്ടാണ് അച്ഛന്റെ ആഡംബര കാർ എടുത്തതെന്ന് പതിനേഴുകാരന്റെ മൊഴി. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ പിന്നിൽ പതിനേഴുകാരൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. തട്ടുകട അടച്ച് ജയബാലകൃഷ്ണൻ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പതിനേഴുകാരൻ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ആലുവയിലെ ഫ്ലാറ്റിൽനിന്നാണ് വാഹനം എടുത്തതെന്ന് പതിനേഴുകാരൻ പൊലീസിനു മൊഴി നൽകി. ചേരാനല്ലൂരിൽ വാഹനം തിരിച്ച് ആലുവയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് അപകടം നടന്നത്. മഴകാരണം ജയബാലകൃഷ്ണന്റെ സ്കൂട്ടർ കണ്ടില്ല. കാറുമായി പുറത്തേക്ക് പോകുമ്പോൾ വീട്ടുകാർ ഫ്ലാറ്റിന്റെ മൂന്നാം നിലയിലായിരുന്നു. താഴെ പാർക്ക് ചെയ്തിരുന്ന കാർ എടുക്കുന്നത് വീട്ടുകാർ കണ്ടില്ല. വെറുതേ കറങ്ങാൻ ഇങ്ങിയതാണെന്നും പതിനേഴുകാരൻ പൊലീസിനോട് പറഞ്ഞു.

വാഹനാപകടത്തിന്റെ കേസാണ് നിലവിൽ എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്ത സാംപിൾ എടുത്തിട്ടുണ്ട്. അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമായാൽ മറ്റു വകുപ്പുകൾ ചേർക്കുമെന്നും പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട അഡീഷനൽ ജഡ്ജിയുടെ മകനാണ് പിടിയിലായ പതിനേഴുകാരൻ. പിതാവിനെതിരെ കേസെടുക്കുന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *