വാഗമൺ (ഇടുക്കി)∙ നാച്വറൽ ഇൻഫിനിറ്റി പൂളിൽ 800 അടി താഴ്ചയിലേക്കു വീണ ഡോക്ടറെ പീരുമേട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വാഗമണിൽനിന്നു 2 കിലോമീറ്റർ അകലെയുള്ള നാച്വറൽ ഇൻഫിനിറ്റി പൂളിൽ വിനോദയാത്രയ്ക്കെത്തിയ ഉത്തർപ്രദേശ് സ്വദേശിയാണ് അപകടത്തിൽപെട്ടത്. സഞ്ജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇഎൻടി സർജനായ സുഖിയ ജെയിനെ (28) ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരയിൽനിന്ന് ഏകദേശം 800 അടി താഴ്ചയിൽ, കുത്തനെയുള്ളതും നടന്നു കയറാൻ ബുദ്ധിമുട്ടുള്ളതുമായ പാതയിലൂടെ നാച്വറൽ ഇൻഫിനിറ്റി പൂളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനിടെ ഡോക്ടർ കാൽ വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ 28 വയസ്സുള്ള സുഖിയ ജെയിന്റെ പാദം ഒടിഞ്ഞു തൂങ്ങുകയും നടക്കാൻ സാധിക്കാത്ത അവസ്ഥയിലാവുകയും ചെയ്തു.

അഗ്നിരക്ഷാ സേനാംഗങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ നവാസിന്റെ നേതൃത്വത്തിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ആനന്ദ്, രജീഷ്, രാഗേഷ് ലാൽ, അലക്സ് സൈമൺ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. 800 അടി താഴ്ചയിൽനിന്നു ഡോക്ടറെ കരയ്ക്കെത്തിച്ച ശേഷം ഇവിടെനിന്ന് 2 കിലോമീറ്റർ നടന്ന് വാഗമൺ ജംക്ഷനിൽ എത്തിച്ചു. തുടർന്ന് ആംബുലൻസിൽ ഈരാറ്റുപേട്ട ആശുപത്രിയിലേക്കു മാറ്റി.


