തിരുവനന്തപുരം വർക്കലയിൽ മക്കളുടെ അവഗണനയെത്തുടർന്ന് 82 കാരിയായ വയോധിക വീടിന്റെ മുകളിൽനിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. വെളാൻകോണം സ്വദേശി സുധയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഒടുവിൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് അനുനയിപ്പിച്ച് ഇവരെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. സുധയ്ക്ക് മൂന്ന് മക്കളാണുള്ളതെങ്കിലും ആരുംതന്നെ ഇവരെ സംരക്ഷിക്കാൻ തയ്യാറാകുന്നില്ല. അമ്മയെ നോക്കിവന്ന മകൻ മരണപ്പെട്ടതോടെ വയോധിക പൂർണ്ണമായും ഒറ്റപ്പെടുകയായിരുന്നു. മറ്റു മക്കൾ തിരിഞ്ഞുനോക്കാത്തതിനാൽ സമീപവാസികളാണ് ഇവർക്ക് ഭക്ഷണവും മറ്റും എത്തിച്ചുനൽകിയിരുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി വയോധിക പട്ടിണിയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇവർ താമസിക്കുന്ന വീട് മുമ്പ് മരിച്ച മകൻ പണയം വെച്ചിരുന്നതിനാൽ വീട് ഇപ്പോൾ ജപ്തിയുടെ വക്കിലാണ്. വീടും നഷ്ടപ്പെട്ട് അഭയമില്ലാത്ത അവസ്ഥ വന്നതോടെയാണ് വയോധിക കടുത്ത നിരാശയിലായത്. മക്കൾ സംരക്ഷിക്കാത്ത ഈ വിഷയം നേരത്തെ തന്നെ പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വൃദ്ധയുടെ സംരക്ഷണത്തിനായി സർക്കാർ തലത്തിൽ അടിയന്തരമായി ഇടപെടലുകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *