എളമക്കര റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഒഡിഷ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഒഡിഷ സ്വദേശിയായ 32-കാരനെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ 40-കാരിയായ ഭാര്യയും 16-കാരിയായ മകളുമാണെന്ന് വ്യക്തമായതിനെ തുടർ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് എളമക്കര ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കിടക്കുന്നതായി വിവരം ലഭിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് റെയില്‍വേ അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹത്തിനൊപ്പം മദ്യക്കുപ്പിയും ഗ്ലാസും ഉണ്ടായിരുന്നതിനാല്‍, മദ്യലഹരിയില്‍ വീണ് ഹൃദയസ്തംഭനമുണ്ടായതോ ആത്മഹത്യയോ ആകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹത്തിന്റെ കിടപ്പിലുണ്ടായ സംശയത്തെ തുടർന്ന് പൊലീസ് കൊലപാതക സാധ്യത മുന്നില്‍ കണ്ട് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇവർ താമസിച്ചിരുന്നത് റെയില്‍വേ ട്രാക്കിന് സമീപമാണെന്ന് കണ്ടെത്തി. വീട്ടിലെത്തിയ പൊലീസിന് ഭാര്യയെയും മകളെയും കാണാനില്ലാത്തതില്‍ സംശയം തോന്നി. ഇവർ ഒഡിഷയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി.

ഒരു ബന്ധു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പരിസരത്തുനിന്ന് തന്നെ അമ്മയെയും മകളെയും പൊലീസ് പിടികൂടുകയായിരുന്നു.സ്റ്റേഷനില്‍ എത്തിച്ച്‌ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്. ആദ്യ ഭർത്താവിനെ ഒഴിവാക്കി എട്ടു വയസ്സ് കുറവുള്ള യുവാവിനൊപ്പം മകളുമായി ഒഡിഷയില്‍ നിന്ന് നാടുവിട്ട് കേരളത്തില്‍ എത്തിയതായിരുന്നു യുവതി. എന്നാല്‍ യുവാവ് യുവതിയുടെ 16-കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചതോടെ ഇവർ മാനസികമായി തകർന്നു. തുടർന്ന് സംഭവദിവസം രാത്രി മദ്യപിച്ച്‌ അവശനിലയിലായ ഭര്‍ത്താവിനെ കഴുത്തിലും നെഞ്ചിലും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യയായി ചിത്രീകരിക്കാൻ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കൊണ്ടിടുകയായിരുന്നുവെന്നും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *