ഈരാറ്റുപേട്ട: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുണ്ടക്കയം കൊക്കയാർ കമലാഭവനിൽ ശിവകൃഷ്ണൻ (24) ആണ് മരിച്ചത്. ഈരാറ്റുപേട്ട വലിയമംഗലം സോമില്ലിന് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

തൊടുപുഴയിലേക്ക് പോവുകയായിരുന്ന ശിവകൃഷ്ണൻ മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിലെ വെള്ള വരയിൽ കയറിയ ബൈക്ക് മഴയെ തുടർന്ന് തെന്നിമാറിയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം.

അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങിയതായാണ് വിവരം. അടൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് റോഡിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി റോഡ് വൃത്തിയാക്കി. പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *