കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ പിണറായി വിജയന്, ടി വീണ അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പിണറായി വിജയന് അടക്കമുള്ളവര്‍ക്ക് അപ്പീല്‍ നല്കാന് ഡിവിഷന് ബെഞ്ച് അനുമതി നല്കി. ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉച്ചയ്ക്ക് 1. 45 ന് പരിഗണിക്കും. ഇ ഡി റിപ്പോര്‍ട്ടില്‍ നേരിട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തെറ്റാണ് എന്ന വാദം ചൂണ്ടിക്കാട്ടിയാണ് പിണറായിയുടെ അപ്പീല്‍.

ഹൈക്കോടതിയില്‍ നാല് മുതിര്‍ന്ന അഭിഭാഷകരാണ് അപ്പീലുകളില്‍ ഹാജരാകുന്നത്. പിണറായി വിജയന് വേണ്ടി മുന്‍ അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ് ഹാജരാകും. ടി വീണയ്ക്ക് വേണ്ടി മുന്‍ ഡിജിപി ടി എ ഷാജിയും, ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനു വേണ്ടി എസ് ശ്രീകുമാറും ഹാജരാകും. ഹവാല കള്ളപ്പണ ഇടപാടു കേസില്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി അഡ്വ. ബി രാമന്‍പിള്ളയും ഹാജരാകും.

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ രണ്ട് എഫ്ഐആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന പ്രകാരം ആദ്യ കേസും ഹവാല കള്ളപ്പണ ഇടപാടില്‍ രണ്ടാമത്തെ കേസും രജിസ്റ്റര്‍ ചെയ്തു. വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് -1 ആണ് രണ്ട് എഫ്ഐറുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യ കേസില്‍ പിണറായി വിജയനാണ് ഒന്നാം പ്രതി. രണ്ടു കേസുകളിലും പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ ടി വീണ പ്രതിയാണ്.


