കൊച്ചി: നെടുമ്പാശ്ശേരിയില്‍ അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ കാറിടിച്ച് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍, പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം. സുഹൈല്‍ കരുതിക്കൂട്ടി ഇടിച്ചതാണോ എന്ന് സംശയിക്കുന്നു. സുഹൈല്‍ മദ്യത്തിന് പുറമേ മയക്കുമരുന്നും ഉപയോഗിച്ചിരുന്നോ എന്ന് സംശയമുണ്ടെന്നും ദേവികയുടെ പിതാവ് പറഞ്ഞു. അയാള്‍ക്കെതിരെ കൂടുതല്‍ കുറ്റം ചുമത്തണം. പണത്തിന്റെ പുറത്ത് സുഹൈൽ പുറത്തിറങ്ങിയേക്കുമോയെന്ന് സംശയമുണ്ടെന്നും കുടുംബം പറയുന്നു.

മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ച് സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ച ഇയാള്‍ മൂന്നു കുടംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതാക്കിയത്. വളരെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് തന്റേത്. സ്ഥലം വിറ്റും, വായ്പ എടുത്തുമാണ് ദേവികയെ പഠിപ്പിച്ചത്. മൂന്നുനാലു മാസത്തിനകം ഗള്‍ഫിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു ദേവികയെന്നും മാതാപിതാക്കള്‍ പറഞ്ഞു.

സുഹൈല്‍ സജീവ് എന്ന 19 കാരന്‍ മൂന്നു ബാറില്‍ കയറി മദ്യപിച്ചിട്ടാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് മാധ്യമങ്ങളില്‍ കണ്ടത്. അയാള്‍ 200-120 റേഞ്ചിലാണ് കാര്‍ ഓടിച്ചതെന്നാണ് നാട്ടുകാര്‍ പറഞ്ഞ് അറിഞ്ഞത്. സുഹൈലിന്റെ പേരില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. അതു പാടില്ല. കൊലക്കുറ്റത്തിന് തന്നെ കേസെടുക്കണം. കേസെല്ലാം എന്റെ വാപ്പച്ചി നോക്കിക്കോളും എന്നു പറയുമ്പോള്‍, പണത്തിന്റെ ഹുങ്കും ധിക്കാരവുമാണ് പ്രകടമായത്.

ഇനി ഇതുപോലൊരു അവസ്ഥ മറ്റൊരു കുടംബത്തിനും ഉണ്ടാകരുത്. പൊലീസ് ഇതുവരെ നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്. 19 കാരന് അവന്റെ കോടീശ്വരിയായ അമ്മ പിറന്നാള്‍ സമ്മാനമായി നല്‍കിയതാണ് ആഢംബരക്കാര്‍. വീടിന്റെ വിളക്കാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. ദേവിക പഠിത്തത്തിലും കലാപരിപാടികളിലും മിടുക്കിയായിരുന്നു. ബിബിഎയിലും ഏവിയേഷന്‍ കോഴ്‌സും ഉന്നത നിലയില്‍ പാസ്സായിരുന്നു. നല്ല ജോലിക്കായി ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടമുണ്ടായതെന്നും ദേവികയുടെ മാതാപിതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *