കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ മദ്യലഹരിയില്ലെന്ന് പൊലീസ്. ആലപ്പുഴ സ്വദേശിയായ സുഹൈല്‍ സജീവിനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയതായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ എസ് സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ മറ്റു വകുപ്പുകള്‍ ചുമത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് ലഹരികള്‍ ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. എന്നാല്‍ സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. പ്രാഥമിക അന്വേഷണത്തിലാണ് മദ്യം കഴിച്ചതായി കണ്ടെത്തിയത്. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ ബിയര്‍ മാത്രമാണ് കഴിച്ചത് എന്നാണ് സുഹൈല്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് മൊബൈല്‍ അടക്കം പരിശോധിച്ചപ്പോള്‍ മൂന്ന് ബാറുകളില്‍ കയറി മദ്യം കഴിച്ചതിന്റെ വിഡിയോ കണ്ടെത്തിയിട്ടുണ്ട്. ഖത്തറില്‍ നിന്ന് വരുന്ന കൂട്ടുകാരനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടാനാണ് സുഹൈല്‍ നെടുമ്പാശേരിയിലേക്ക് പോയത്. രാത്രി 12 മണിയോടെയാണ് കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ഇന്നലെ ഉച്ച മുതല്‍ സുഹൈല്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. രാജഗിരിയില്‍ ബികോം വിദ്യാര്‍ഥിയാണ് സുഹൈല്‍. അതിനിടെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അപകടത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവിനെ നാട്ടുകാരാണ് പിടികൂടിയത്. എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്നായിരുന്നു യുവാവിന്റെ വെല്ലുവിളിയെന്ന് നാട്ടുകാര്‍ പറയുന്നു. സുഹൈല്‍ പ്രമുഖ വസ്ത്രവ്യാപാരിയുടെ മകനാണ്. പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ ഇജാസും ദേവികയും ഗോപികയുമാണ് മരിച്ചത്.
കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് നെടുമ്പാശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കെ വി മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ ഡ്രൈവറായ യുവാവിന്റെ ലഹരി ഉപയോഗം തള്ളിക്കളയാനാവില്ലെന്നും രക്ത സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. തൃക്കാക്കരയില്‍ ജോലി ചെയ്യുന്ന ഇവര്‍ മൂന്നും പേരും ചായ കുടിക്കാനായാണ് എയര്‍പോര്‍ട്ടിന് സമീപം എത്തിയത്. ചായ കുടിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹന ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

