കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ഇഡി റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി പിണറായിവിജയന്‍ അടക്കമുള്ളവര്‍ക്കെതിരേ അഴിമതി തടയല്‍ നിയമപ്രകാരം എഫ്‌ഐആര്‍ രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിധി ന്യായം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

ഹൈക്കോടതി വിധിപ്പകര്‍പ്പ് പഠിച്ച ശേഷം നിയമപരമായി എന്താണോ ചെയ്യേണ്ടത് അത് സര്‍ക്കാര്‍ തീരുമാനിക്കും. വിധിപ്പകര്‍പ്പിലെ കാര്യങ്ങള്‍ പരിശോധിക്കാതെ കാര്യങ്ങള്‍ പറയാന്‍ കഴിയില്ല. ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപികരിച്ചത്. അന്വേഷസംഘം നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഹൈക്കോടതിയില്‍ പരാതി വന്നത്. കേസ് എടുക്കണമെന്ന കോടതി ഉത്തരവില്‍ വിധി ന്യായം പഠിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും. നിയമപോദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കോടതി മറിച്ചാണ് പറയന്നതെങ്കില്‍ വിധിന്യായം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വരുന്നെങ്കില്‍ വരട്ടെ, കോടതിയും സര്‍ക്കാരും ഇവിടെയുണ്ട്’ രമേശ് ചെന്നിത്തല പറഞ്ഞു.

സിഎംആര്‍എല്‍എക്സാലോജിക് ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സിഎംആര്‍എല്ലും പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് ജസ്റ്റിസ് എ ബദറുദീന്റെ നിര്‍ദേശം. ഇഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ നേരത്തെ സര്‍ക്കാര്‍ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു പോര, എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു തന്നെ അന്വേഷിക്കാനാണ് കോടതി നിര്‍ദേശം. ഇതോടെ, പിണറായി വിജയന്‍, ടി. വീണ, ഭര്‍ത്താവും മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *