തിരുവനന്തപുരം: തദ്ദേശ വകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പോരുണ്ടെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍. ഒരാളോടും പോരും ഇല്ല മത്സരവുമില്ല. എല്ലാം കൃത്യമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള കൃത്യനിര്‍വഹണം ആണെന്നും ദിവ്യ എസ് അയ്യര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പോരും ഇല്ല, പോരാത്തതിനു മത്സരവും ഇല്ല. മനുഷ്യരെ സ്‌നേഹിക്കുന്നു, പുല്‍കുന്നു, പുകഴ്ത്തുന്നു എന്നു മാത്രമേ ഇന്നുവരെ മാധ്യമങ്ങലിലും സമൂഹമാധ്യമങ്ങളിലും എന്നെ പഴിചാരി കേട്ട ഓര്‍മ്മയുള്ളൂ.

ഇപ്പോള്‍ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അത് ഞാന്‍ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ച ബോധ്യവും മനസ്സില്‍ തെളിയുന്നുണ്ട്. ഒരുനാളും ഒരാളോടും തോന്നാത്ത വികാരങ്ങള്‍ ആണ് അവ.

വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഞങ്ങള്‍ കൃത്യനിര്‍വഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചരണങ്ങള്‍ക്ക് വിരാമം ഇടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഈയടുത്ത കാലത്ത് ആദി എന്ന യുവകവിയുടെ ഒരു കവിതയില്‍ വായിച്ചത് ഓര്‍മ്മിക്കുന്നു. വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്‍. അത് മാത്രമാണ് പോര്’ എന്നും ദിവ്യ സമൂഹമാധ്യമക്കുറിപ്പില്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *