തിരുവനന്തപുരം: തദ്ദേശ വകുപ്പിന്റെ മാലിന്യമുക്തം പദ്ധതിയില്‍ ഉദ്യോഗസ്ഥ പോര് ഇല്ലെന്ന് മന്ത്രി കെ എം ഷാജി. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി തദ്ദേശ വകുപ്പിന്റെ രണ്ട് പദ്ധതികള്‍ വന്നതിലാണ് മന്ത്രിയുടെ വിശദീകരണം. ഉദ്യോഗസ്ഥര്‍ തമ്മില്‍ ഒരു പോരുമില്ല. എന്നാല്‍ മത്സരമുണ്ട്. വകുപ്പിന് അകത്ത് അത്തരമൊരു പോര് ഉള്ളതായി അനുഭവപ്പെട്ടിട്ടില്ലെന്നും മന്ത്രി കെ എം ഷാജി പ്രതികരിച്ചു.

സര്‍ക്കാരിന്റേതായി ഒരുപാട് ഉത്തരവുകള്‍ വരും. ഈ പ്രോജക്ട് പ്രഖ്യാപിക്കുന്ന വേളയില്‍ ഇതേക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് നാലിലധികം ഏജന്‍സികള്‍ വകുപ്പിനുണ്ട്. അതിനൊക്കെ ഓഫീസര്‍മാരുമുണ്ട്. ഒരു പ്രോജക്ട് പ്രഖ്യാപിച്ചാല്‍ എല്ലാവരും അതില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തും. അത് സ്വാഭാവികമാണ്. ആരെയും തിരുകിക്കയറ്റിയിട്ടൊന്നുമില്ല.

നൂറു ദിവസത്തേക്കാണ് ചാലഞ്ച് വന്നിട്ടുള്ളത്. പ്രോജക്ട് അഞ്ചു വര്‍ഷത്തേക്കാണ്. ഇനിയും പ്രോജക്ടില്‍ ക്ലീന്‍ കേരളയോ, ശുചിത്വ കേരളയോ, കെഎസ്ഡബ്ല്യുഎംപിയോ ഒക്കെ ആഡ് ചെയ്യും. അത് സ്വാഭാവികമാണ്. രണ്ടു പദ്ധതികള്‍ വന്നതില്‍ അതിശയം തോന്നിയിട്ടില്ലെന്നും മന്ത്രി ഷാജി പറഞ്ഞു. ഡിപ്പാര്‍ട്ടുമെന്റിനകത്ത് ഉദ്യോഗസ്ഥ തലത്തിലുള്ള പോര് ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ലെന്നും മന്ത്രി കെ എം ഷാജി വ്യക്തമാക്കി.
തദ്ദേശ വകുപ്പിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട്, തദ്ദേശ വകുപ്പ് സെക്രട്ടറി ടി വി അനുപമ ‘നിര്‍മലം’ പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ്, വകുപ്പ് ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ ‘ഐസി ഹണ്ട്രഡ് ചലഞ്ച്’ എന്ന പദ്ധതിയും പ്രഖ്യാപിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരായ ടി വി അനുപമയും ദിവ്യ എസ് അയ്യരും തമ്മിലുള്ള തര്‍ക്കമാണ് രണ്ട് പദ്ധതി വരാന്‍ ഇടയാക്കിയതെന്നായിരുന്നു ആക്ഷേപം

Leave a Reply

Your email address will not be published. Required fields are marked *