തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. തദ്ദേശ വകുപ്പ് സെക്രട്ടറി ടിവി അനുപമയും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് ഒരേ ആവശ്യത്തിനായി വകുപ്പ് രണ്ട് വ്യത്യസ്ത മാലിന്യമുക്ത പദ്ധതികള്‍ പ്രഖ്യാപിച്ചു. ടിവി അനുപമയുടെ നേതൃത്വത്തില്‍ ‘നിര്‍മലം’ പദ്ധതിയും, ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ ‘ഐസി 100 ചലഞ്ച്’ പദ്ധതിയുമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതോടെ ഏത് പദ്ധതിയാണ് നടപ്പാക്കേണ്ടതെന്ന് അറിയാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആശയക്കുഴപ്പത്തിലാണ്.

കഴിഞ്ഞ മാസം 30നാണ് തദ്ദേശ വകുപ്പ് സെക്രട്ടറി ടിവി അനുപമ ‘നിര്‍മലം പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെ ഉത്തരവിറക്കിയത്. ഗാന്ധിജയന്തി ദിനത്തില്‍ പറവൂരില്‍ വെച്ച് മുഖ്യമന്ത്രി വിഡി സതീശന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി പൊതുജനപങ്കാളിത്തത്തോടെ 2031 വരെ നീളുന്ന വിപുലമായ പ്രവര്‍ത്തനങ്ങളാണ് ‘നിര്‍മലം’ ലക്ഷ്യമിടുന്നത്. എന്നാല്‍ പദ്ധതിയുടെ സംസ്ഥാന ഏകോപന സമിതിയില്‍ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എന്ന നിലയില്‍ തനിക്ക് അര്‍ഹമായ പ്രാധാന്യമോ ചുമതലകളോ നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ദിവ്യ എസ് അയ്യര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിയെ കണ്ട് നേരിട്ട് പരാതിയും അതൃപ്തിയും അറിയിക്കുകയായിരുന്നു.

മന്ത്രിക്ക് പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ, ‘നിര്‍മലം’ പദ്ധതിയുടെ ഉദ്ഘാടനം നടന്ന ഒക്ടോബര്‍ രണ്ടിന് തന്നെ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ പുതിയ ഉത്തരവിറക്കി. ‘ഐസി 100 ചലഞ്ച്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ വകുപ്പ് സെക്രട്ടറി ടിവി അനുപമയ്ക്ക് യാതൊരു പങ്കുമില്ലെന്ന ആക്ഷേപവും ശക്തമാണ്. ‘നിര്‍മലം’ പദ്ധതിയുടെ അതേ ലക്ഷ്യങ്ങളും സമാന പ്രചാരണ പരിപാടികളും തന്നെയാണ് പൊതുജനപങ്കാളിത്തത്തോടെയുള്ള ജനകീയ ക്യാംപയിന്‍ എന്ന് വിശേഷിപ്പിക്കുന്ന ‘ഐസി 100 ചലഞ്ചി’ലും ഉള്‍പ്പെടുത്തിയിരിക്കുന്നത്

ഉന്നതോദ്യോഗസ്ഥരുടെ ചേരിപ്പോരും ഇരട്ട പദ്ധതികളും വലിയ വിവാദമായതോടെ വിഷയത്തില്‍ തദ്ദേശ വകുപ്പ് വിശദീകരണവുമായി രംഗത്തെത്തി. തര്‍ക്കങ്ങളില്ലെന്നും രണ്ടും രണ്ട് തലത്തിലുള്ള പദ്ധതികളാണെന്നുമാണ് വകുപ്പിന്റെ വാദം. നിര്‍മലം 5 വര്‍ഷത്തേക്ക് (2031 വരെ) നീളുന്ന വിപുലമായ സംസ്ഥാനതല പദ്ധതിയാണ്. ഐസി 100 ചലഞ്ച് 100 ദിവസത്തേക്ക് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ്. ഐസി 100 ചലഞ്ച് നിര്‍മലം പദ്ധതിയുടെ തന്നെ ഒരു ഭാഗമാണെന്നാണ് വകുപ്പിന്റെ വിശദീകരണം. എങ്കിലും, ഒരേ ആവശ്യത്തിന് ഒരേസമയം രണ്ട് ഉത്തരവുകള്‍ ഇറങ്ങിയത് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അധികാര തര്‍ക്കത്തിന്റെ തെളിവാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *