തിരുവനന്തപുരം: കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ആശ്വാസം. സുഗതനെതിരെ ചുമത്തിയ കാപ്പ ഹൈക്കോടതി റദ്ദാക്കി. സുഗതന്റെ കരുതൽ തടങ്കൽ അസാധുവാക്കിയ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതോടെ സുഗതന് ജയിൽ മോചനത്തിന് വഴിയൊരുങ്ങി.

ഭാര്യ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി. സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ കാപ്പ ചുമത്തുന്നതു സംബന്ധിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് ഭാര്യ ചൂണ്ടിക്കാട്ടിയിരുന്നു
കാപ്പ തടവുകാരനായിരിക്കെ വിയ്യൂർ ജയിലിൽ വെച്ച് കോർപ്പറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തതിലൂടെ കേരള ചരിത്രത്തിൽ ആദ്യമായി ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധി എന്ന നിലയിൽ സുഗതൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ജയിലിലായിരുന്ന സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന ഫെബ്രുവരി 26, മാർച്ച് 3, ഏപ്രിൽ 27 തീയതികളിൽ കോർപ്പറേഷൻ ഹാജർ പുസ്തകത്തിൽ വ്യാജ ഒപ്പിട്ടു എന്നാരോപിച്ച് എൽഡിഎഫ് വലിയ രാഷ്ട്രീയ പ്രക്ഷോഭത്തിന് തിരികൊളുത്തിയിരുന്നു. ഈ വിഷയത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നായിരുന്നു ബിജെപിയുടെ വാദം. തുടർന്ന് തടവിൽ കഴിയുന്നതിനാൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യം വ്യക്തമാക്കി ജയിൽ സൂപ്രണ്ട് മുഖേന സുഗതൻ സമർപ്പിച്ച ആറു മാസത്തെ അവധി അപേക്ഷ മേയർ വി.വി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം നേരത്തെ അംഗീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *