തൃശ്ശൂർ: അതിരാവിലെ റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം. കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള ശക്തമായ അടിയേറ്റ് ഭർത്താവായ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കോടാലി ചള്ളിയിൽ വീട്ടിൽ ശശി (62) എന്ന തൊഴിലാളിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്

ഞായറാഴ്ച രാവിലെ ആറ് മണിയോടെ മറ്റത്തൂർ കുണ്ടായി എസ്റ്റേറ്റിലെ ചൊക്കന ഡിവിഷനിലായിരുന്നു സംഭവം. ഭാര്യയോടൊപ്പം റബർ മരങ്ങൾ ടാപ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ശശിയുടെ പിന്നിലൂടെ കാട്ടാന അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു. ശ്രദ്ധയിൽപ്പെടുന്നതിന് മുൻപ് തന്നെ ആന തുമ്പിക്കൈ വീശി ശശിയെ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണ ഇയാളുടെ വാരിയെല്ലുകൾ തകർന്നു.

ഭാര്യയുടെയും ശശിയുടെയും നിലവിളി ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന മറ്റ് തോട്ടം തൊഴിലാളികൾ ബഹളം വെച്ചുകൊണ്ട് ഓടിയെത്തിയതോടെയാണ് ആന കാട്ടിലേക്ക് പിൻവാങ്ങിയത്. തൊഴിലാളികൾ ഉടൻ തന്നെ ഗുരുതരമായി പരിക്കേറ്റ ശശിയെ കോടാലിയിലെ പ്രാഥമിക ആശുപത്രിയിലെത്തിച്ചു. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ദ്ധ പരിശോധനകൾക്കായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കും, അവിടെനിന്ന് നില വഷളായതിനെ തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

കുണ്ടായി എസ്റ്റേറ്റ് മേഖലയിലും സമീപ പ്രദേശങ്ങളിലും കാട്ടുപന്നികളുടെയും കാട്ടാനകളുടെയും ശല്യം അതിരൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ജീവൻ പണയം വെച്ചാണ് തോട്ടം തൊഴിലാളികൾ അതിരാവിലെ ജോലിക്കിറങ്ങുന്നത്. പലപ്പോഴും അത്ഭുതകരമായാണ് തൊഴിലാളികൾ കാട്ടാനകളുടെ മുൻപിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത്. വന്യജീവിശല്യം തടയാൻ വനംവകുപ്പും എസ്റ്റേറ്റ് അധികൃതരും അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് തൊഴിലാളികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *