കണ്ണൂർ: കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ യുവമോർച്ച, ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂർ നഗരത്തിന് സമീപം താണയിലും മട്ടന്നൂർ എളമ്പാറയിലും വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ബിജെപി-യുവമോർച്ച പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീണത്. ഇരുസ്ഥലങ്ങളിലും പ്രതിഷേധക്കാരെ പൊലീസ് തടയുകയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു

കണ്ണൂർ നഗരത്തിലെ താണയിൽ സുരക്ഷാ വലയം ഭേദിച്ചാണ് പ്രവർത്തകർ റോഡിലേക്ക് പാഞ്ഞടുത്തത്. യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് ഹേമന്ത് മാവിലക്കണ്ടിയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ പ്രതിഷേധം അരങ്ങേറിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് തൊട്ടുമുന്നിലേക്ക് പ്രവർത്തകർ ചാടിവീണതോടെ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഇവരെ റോഡിൽനിന്ന് ബലമായി നീക്കം ചെയ്ത് പൊലീസ് വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് മട്ടന്നൂർ എളമ്പാറയിൽ എത്തിയപ്പോഴും മുഖ്യമന്ത്രിക്കെതിരെ സമാനമായ രീതിയിൽ കരിങ്കൊടി പ്രതിഷേധം ആവർത്തിച്ചു. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴിയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി പാഞ്ഞടുത്തത്. ഇവിടെയും അതിവേഗം ഇടപെട്ട പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി മുഖ്യമന്ത്രിയുടെ യാത്ര സുഗമമാക്കി. ജില്ലയിലെങ്ങും കനത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ സമാനമായ രീതിയിൽ പ്രത്യാക്രമണവുമായി ബിജെപിയും യുവമോർച്ചയും രംഗത്തെത്തിയത്. നേരത്തെ വയനാട് എംപി പ്രിയങ്കാ ഗാന്ധി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവർക്കെതിരെയും യുവമോർച്ച കരിങ്കൊടി കാട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയപ്പോഴും കരിങ്കൊടി പ്രതിഷേധങ്ങളുമായി പ്രവർത്തകർ രംഗത്തിറങ്ങിയത്. വരുംദിവസങ്ങളിലും കോൺഗ്രസ് നേതാക്കൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *