ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ സിംഹസ്ഥ കുംഭമേളയുടെ ഭാഗമായി റോഡ് വീതികൂട്ടുന്നതിനായി ഷാഹി മസ്ജിദിന്റെ മുൻഭാഗം പൊളിച്ചുനീക്കുന്നതിനെച്ചൊല്ലി പ്രതിഷേധവും സംഘർഷവും. പൊളിക്കൽ നടപടികൾ തടയാൻ എത്തിയ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലേറ് നടത്തിയതിനെത്തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും നേരിയ ലാത്തിച്ചാർജ്ജും പ്രയോഗിച്ചു. സ്ഥിതിഗതികൾ ശാന്തമാക്കാൻ ദ്രുതകർമ്മസേനയെയും രണ്ടായിരത്തിയഞ്ഞൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഉജ്ജയിൻ നഗരത്തിലുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
പള്ളി കമ്മിറ്റിയുടെ തന്നെ മേൽനോട്ടത്തിലും പൂർണ്ണ സമ്മതത്തോടെയുമാണ് റോഡ് വീതികൂട്ടലിനായി ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിക്കുന്ന നടപടികൾ ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ ഒരു വിഭാഗം ആളുകൾ സംഘടിക്കുകയും ഇടവഴികളിലൂടെ ബാരിക്കേഡുകൾ മറികടന്ന് മുന്നേറാൻ ശ്രമിക്കുകയുമായിരുന്നു. സ്ത്രീകൾ അടക്കമുള്ളവരെ മുൻനിർത്തി റോഡ് ഉപരോധിക്കാൻ ശ്രമം നടക്കുകയും തുടർന്ന് പൊലീസിന് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. കല്ലേറിൽ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഛത്രി ചൗക്ക് അടക്കമുള്ള പ്രധാന മേഖലകളിൽ സുരക്ഷാ വലയം തീർത്ത പൊലീസ്, ജനങ്ങൾ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
മേഖലയിലെ മുഴുവൻ സ്ഥിതിഗതികളും സിസിടിവി ക്യാമറകളും ഡ്രോണുകളും ഉപയോഗിച്ച് തത്സമയം നിരീക്ഷിച്ചു വരികയാണെന്ന് ഉജ്ജയിൻ പൊലീസ് സൂപ്രണ്ട് പ്രദീപ് ശർമ്മ വ്യക്തമാക്കി. നഗരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ ചില സാമൂഹിക വിരുദ്ധരെ അതിർത്തികളിൽവെച്ചുതന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേറിലും പൊതുമുതൽ നശിപ്പിക്കലിലും പങ്കാളികളായവരെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞ് കർശനമായ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഉപരോധത്തിന് ശ്രമിച്ച സ്ത്രീകളുമായി സംസാരിച്ച് അവർ പിന്മാറിയതായും നിലവിൽ സ്ഥിതിഗതികൾ പൂർണ്ണ നിയന്ത്രണത്തിലാണെന്നും എസ്പി കൂട്ടിച്ചേർത്തു.
അതേസമയം, വിഷയത്തിൽ ജനങ്ങൾ തെറ്റായ പ്രചാരണങ്ങളിലും അഭ്യൂഹങ്ങളിലും വീഴരുതെന്നും വീടുകളിൽത്തന്നെ തുടരണമെന്നും ഉജ്ജയിൻ സിറ്റി ഖാസി ഖാലിഖുർ റഹ്മാൻ അഭ്യർത്ഥിച്ചു. പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാത്രി തന്നെ ചർച്ചകൾ നടത്തി രമ്യമായ പരിഹാരം കണ്ടതാണെന്നും ധാരണ പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അനാവശ്യമായി തെരുവിലിറങ്ങുകയോ വിപണികളിൽ തടിച്ചുകൂടുകയോ ചെയ്യരുതെന്നും സമാധാനം കാത്തുസൂക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്നും സിറ്റി ഖാസി വീഡിയോ സന്ദേശത്തിലൂടെ മുസ്ലിം സമുദായ അംഗങ്ങളോട് ആവശ്യപ്പെട്ടു. പള്ളി പരിസരത്തും നഗരത്തിലും കനത്ത പൊലീസ് കാവൽ തുടരുകയാണ്.

