ആലപ്പുഴ: നാടിനെ നടുക്കിയ കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ആലപ്പുഴ ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്. 13 വയസ്സുകാരി ഉൾപ്പെടെ കുറ്റകൃത്യത്തിൽ പങ്കാളികളായ മുഴുവൻ പേരും മൈനറുകളായ കൊലക്കേസ് നിയമചരിത്രത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ സുപ്രധാന നടപടി. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകാൻ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ വ്യവസ്ഥയില്ലെന്നും ഇത്തരത്തിലുള്ള മുൻകാല കോടതി വിധികളില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളിയാണ് പ്രോസിക്യൂഷൻറെ വാദം കോടതി അംഗീകരിച്ചത്.

അടച്ചിട്ട വീട്ടിനകത്ത് രാത്രിയിൽ അതിക്രമിച്ചു കയറിയാണ് പ്രതികൾ അരുംകൊല നടത്തിയത്. സംഭവത്തിന് നേരിട്ട് ദൃക്സാക്ഷികളില്ല. പിടിയിലായ കുട്ടികൾ മാത്രമാണ് കൊലപാതകത്തിൽ പങ്കാളികളായിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രതികളെ സ്ഥലത്തെത്തിച്ച് ശാസ്ത്രീയ തെളിവെടുപ്പ് നടത്താൻ വിട്ടുകിട്ടിയില്ലെങ്കിൽ കേസ് വിചാരണവേളയിൽ ദുർബലപ്പെടുമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി.

കുട്ടികളെ പൊലീസ് ലോക്കപ്പിലോ സാധാരണ ജയിലിലോ പാർപ്പിക്കരുതെന്ന് മാത്രമാണ് ജുവനൈൽ ജസ്റ്റിസ് നിയമം അനുശാസിക്കുന്നത്. പൊലീസ് കസ്റ്റഡിയെക്കുറിച്ച് ജുവനൈൽ നിയമത്തിൽ പ്രത്യേക നിരോധനമോ പരാമർശമോ ഇല്ലാത്ത പക്ഷം, ക്രിമിനൽ നടപടിച്ചട്ടത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും പൊതുവ്യവസ്ഥകൾ കണക്കിലെടുത്ത് പ്രതികളെ അന്വേഷണസംഘത്തിന് കൈമാറണമെന്ന പ്രോസിക്യൂഷന്റെ നിയമപരമായ വാദം കോടതി ശരിവെക്കുകയായിരുന്നു.

തെളിവെടുപ്പ് നടത്തുമ്പോൾ കുട്ടികളുടെ സ്വകാര്യതയും വിവരങ്ങളുടെ രഹസ്യസ്വഭാവവും കർശനമായി ഉറപ്പാക്കണമെന്ന ഉപാധികളോടെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്. കുട്ടികളെ മുന്നിൽ നിർത്തിയും അവരെ ദുരുപയോഗം ചെയ്തും അരുംകൊലകൾ നടത്തിയാൽ നിയമത്തിന്റെ ആനുകൂല്യങ്ങളും പരിരക്ഷയും ലഭിക്കില്ലെന്ന മുന്നറിയിപ്പും സന്ദേശവുമാണ് ഈ വിധി നൽകുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. മനു കല്ലമ്പള്ളിയാണ് കോടതിയിൽ ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *