തിരുവനന്തപുരം: സുപ്രീംകോടതി നിയോഗിച്ച സുരക്ഷാ സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്ന് പരിശോധന നടത്തും. ദേശീയ ജലവൈദ്യുത കോര്‍പ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതിയാണ് അണക്കെട്ടില്‍ പരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയില്‍ കേരളത്തിന്റെ പുതിയ പ്രതിനിധി.

ഗോപാല്‍ ധവാന്‍, എം എല്‍ ശര്‍മ്മ, ഗുല്‍ഷന്‍ രാജ് എന്നിവരാണ് സമിതിയിലുള്ള മറ്റംഗങ്ങള്‍. മൂന്നു ദിവസം കുമളിയില്‍ തങ്ങുന്ന സംഘം, പരിശോധനയ്ക്ക് ശേഷം യോഗവും ചേരും. ഈ മാസം അവസാനം ഡല്‍ഹിയില്‍ ഉന്നതല യോഗവും ചേരുന്നുണ്ട്. കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ 2022 ലാണ് മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

അണക്കെട്ടിന്റെ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, ചോര്‍ച്ചയുടെ അളവ്, സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിച്ച് വിലയിരുത്തുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കേരളം തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു

സമിതിയുടെ തീരുമാനങ്ങള്‍ കേരളത്തിന് അനുകൂലമല്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 152 അടി വരെ ഉയര്‍ത്തുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ അണക്കെട്ടിന് സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്നും പുതിയ ഡാം നിര്‍മ്മിക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *