തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തര്‍ക്കം രാഷ്ട്രീയമായി മുതലെടുക്കാനാകുമോയെന്ന് യുഡിഎഫ് ശ്രമിക്കുകയാണെന്ന സിപിഎം നേതാവ് എകെ ബാലന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി കെ മുരളീധരന്‍. യുഡിഎഫിന് അതിന്റെ ആവശ്യമില്ല. ഇപ്പോള്‍തന്നെ 102 എംഎല്‍എമാരുണ്ട്. ഈ പോക്കാണ് പോകുന്നതെങ്കില്‍ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് അവര്‍ നോക്കിയാല്‍ മതിയെന്നും കെ മുരളീധരന്‍ തിരിച്ചടിച്ചു.

മുരളീധരന്റെ മറുപടി ഇങ്ങനെ. ‘ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ലല്ലോ. ഇപ്പോള്‍ തന്നെ 102 എംഎല്‍എമാര്‍ ഇല്ലേ? പിന്നെന്തിനാ വേറെ അകിടിന്റെ പിന്നാലെ പോകുന്നത്? ഞങ്ങള്‍ക്ക് ആവശ്യത്തിനുള്ള നമ്പര്‍ ധാരാളമുണ്ട്. അഞ്ചു വര്‍ഷത്തേക്ക് ഞങ്ങള്‍ക്ക് യാതൊരു ഭയവുമില്ല. സുഖമായിട്ട് ഞങ്ങളുടെ ഗവണ്‍മെന്റ് മുന്നോട്ടു പോകും. ഈ പോക്കാണ് പോകുന്നതെങ്കില്‍ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് അവര്‍ നോക്കിയാല്‍ മതി’ മന്ത്രി പറഞ്ഞു.

ജില്ല, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നയത്തില്‍ ഒരു മാറ്റവുമിമില്ല. ആവശ്യമായ ഏര്‍പ്പാടുകള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കും. ഡോക്ടര്‍മാര്‍ക്ക് തന്നെ വന്നു കാണാവുന്നതാണ്. വിഷയത്തില്‍ കെജിഎംഒഎ ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചിട്ടില്ല. തസ്തികകള്‍ ഒഴിവുണ്ടെങ്കില്‍ കണക്ക് ബോധിപ്പിച്ചാലല്ലേ അറിയുകയുള്ളൂ. കെജിഎംഒഎ പറയുന്നത് പത്രം വായിച്ച് അറിയേണ്ട സാഹചര്യമുണ്ടോ എന്നും മന്ത്രി ചോദിച്ചു.

പദ്ധതി നടപ്പാക്കുന്നത് അമിതഭാരമാണെന്ന ഡോക്ടര്‍മാരുടെ വാദം മന്ത്രി തള്ളി. കഴിഞ്ഞ ദിവസം 140 ഡോക്ടര്‍മാരെ സര്‍ക്കാര്‍ നിയമിച്ചു. ആവശ്യത്തിന് ഡോക്ടര്‍മാരെയൊക്കെ നിയമിക്കും. അതിന് സംശയമൊന്നുമില്ല. മന്ത്രിയെ കാണണമെന്നുണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് നേരിട്ടു വന്ന് കാണാം. അല്ലാതെ പ്രസ്താവനകള്‍ ദിവസവും ഇറക്കേണ്ട കാര്യമില്ല. ഇന്നു കാണാമെന്ന് പറഞ്ഞിട്ടുണ്ട്. അത് ചര്‍ച്ചയൊന്നുമല്ല, എടുത്ത തീരുമാനത്തില്‍ മാറ്റമില്ലെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

ചെങ്കൊടിയുടെ ഒരു തണല്‍ കിട്ടുമോ എന്നാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നാണ് എ കെ ബാലന്‍ നേരത്തെ പരിഹസിച്ചത്. ഇളകുന്ന ആടിന്റെ അകിട് കണ്ട് പിന്നാലെ ഓടുന്ന കുറുക്കനെ പോലെയാണ് യുഡിഎഫ്. ഇടതുമുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് സിപിഐയും സിപിഎമ്മും. ആ ബന്ധം ഒരു രൂപത്തിലും തകരില്ല. മറ്റേതൊരു കാലഘട്ടങ്ങളെക്കാളും ശക്തവും ദൃഢവുമാണ് ഞങ്ങളുടെ നേതാക്കന്മാരും അണികളും തമ്മിലുള്ള ബന്ധമെന്നും എ കെ ബാലന്‍ അഭിപ്രായപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *