കണ്ണൂർ: ബന്ധുവിന്റെ വീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ യുവാവ് പിടിയിൽ. മോറാഴ മേപ്പൂൽ കൊട്ടഞ്ചേരി ഹൗസിൽ എ. ഷാരോണിനെയാണ് (26) വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അഴീക്കോട് ആറാം കോട്ടം ഞാലിൽ ഹൗസിൽ പി. ഷൈനയുടെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ജൂലൈ 29-ന് രാത്രി പത്ത് മണിക്കും ഓഗസ്റ്റ് 13-ന് അർദ്ധരാത്രി 12 മണിക്കും ഇടയിലുള്ള ദിവസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ ഷൈനയുടെ അടുത്ത ബന്ധുവാണ് പിടിയിലായ ഷാരോൺ

വീട്ടിൽ ആളില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്നാണ് ഇയാൾ അഞ്ച് പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചത്. തുടർന്ന് ഈ സ്വർണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് വിലപിടിപ്പുള്ള ഐഫോൺ വാങ്ങുകയും ബാക്കി പണം ആഡംബര ജീവിതത്തിനായി ധൂർത്തടിക്കുകയുമായിരുന്നു. പരാതിയെത്തുടർന്ന് കണ്ണൂർ എസിപി എംപി ആസാദിന്റെ മേൽനോട്ടത്തിൽ വളപട്ടണം എസ്ഐ ടിഎം വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

