ഏറ്റുമാനൂർ: ലോക സീനിയർ സിറ്റിസൺ ദിനാചരണത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് കേരള ജില്ലാ കമ്മിറ്റിയും മാർ സ്ലീവാ മെഡിസിറ്റി പാലായും ചേർന്ന് സംഘടിപ്പിച്ച വാക്കത്തോൺ–2026 വർണാഭമായി. 250-ലേറെ സീനിയർ സിറ്റിസൺ അംഗങ്ങൾ വയോജന ആരോഗ്യത്തിന്റെ സന്ദേശവുമായി വാക്കത്തോണിൽ അണിനിരന്നു. കോട്ടയം ജില്ലയിലെ 21 സീനിയർ സിറ്റിസൺ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിന് മുന്നിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ സംസ്ഥാന പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. പേരൂർ ജംക്ഷൻ, സെൻട്രൽ ജംക്ഷൻ, അതിരമ്പുഴ റോഡ്, കോടതിപ്പടി, എം.സി. റോഡ്, സെൻട്രൽ ജംക്ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പടിഞ്ഞാറെ നട വഴി നന്ദാവനം ഓഡിറ്റോറിയത്തിൽ വാക്കത്തോൺ സമാപിച്ചു.

തുടർന്ന് നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് ഡോ. വി.വി. സോമന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നായർ (റിട്ട. ഐ.പി.എസ്.) ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി മാർ സ്ലീവാ മെഡിസിറ്റി നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ റവ. ഫാ. മാത്യു തെക്കേൽ മുഖ്യപ്രഭാഷണം നടത്തി. സീനിയർ സിറ്റിസൺ സമൂഹത്തിലെ അഭിവാജ്യ വിഭാഗമാണെന്നും വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് മാർ സ്ലീവാ മെഡിസിറ്റി മുഖ്യ പരിഗണനയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റിയുടെ ജറിയാട്രിക് വിഭാഗത്തിന്റെ സേവനങ്ങളുടെ പ്രഖ്യാപനവും നടത്തി.

60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ജറിയാട്രിക് മെഡിസിൻ വിഭാഗത്തിൽ ഒരു മാസത്തേക്ക് സൗജന്യ കൺസൾട്ടേഷൻ നൽകുന്നതായി പ്രഖ്യാപിച്ചു. ഫ്ലോറൻസ് നൈറ്റിംഗൽ അവാർഡ് നേടിയ സോജ ബേബി.കെയെ ചടങ്ങിൽ ആദരിച്ചു. മാർ സ്ലീവാ മെഡിസിറ്റി അസോ. ഡയറക്ടർ റവ. ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി.ജെ. ഹരികുമാർ, സംസ്ഥാന സെക്രട്ടറി ഡോ. കെ.എൻ. സോമദാസൻ, ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, ഫെഡറൽ ബാങ്ക് പാലാ ബ്രാഞ്ച് ഹെഡ് ജിതിൻ വി. ജിമ്മി എന്നിവർ പ്രസംഗിച്ചു. മാർ സ്ലീവാ മെഡിസിറ്റി അസോ. ഡയറക്ടർമാരായ റവ. ഫാ. ജോസ് കീരഞ്ചിറ, റവ. ഡോ. ജോസഫ് കരികുളം, റവ. ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, റവ. ഡോ. മാത്യു ചേന്നാട്ട്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. രശ്മി നായർ തുടങ്ങിയവരും വാക്കത്തോണിൽ പങ്കെടുത്തു.


