കാഞ്ഞിരപ്പള്ളി: ഭർത്താവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വാഹനം വിൽപ്പന കരാർ പ്രകാരം കൈമാറിയെങ്കിലും ഉടമസ്ഥാവകാശം മാറ്റിനൽകാതെ ഇടനിലക്കാരൻ വഞ്ചിച്ചെന്നാരോപിച്ച് പരാതിയുമായി വിധവയായ വീട്ടമ്മ രംഗത്ത്. കാഞ്ഞിരപ്പള്ളി സ്വദേശിനി മഞ്ജു എസ്. ആണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകിയത്. കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സോണി വലിയ കാപ്പിലാണ് (വി.എം തോമസ്) തട്ടിപ്പ് നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.

പരാതിക്കാരിയുടെ ഭർത്താവിൻ്റെ ഉടമസ്ഥതയിലുണ്ടായിരുന്ന KL 34 B 4438 നമ്പർ ടാറ്റ സുമോ ജീപ്പ് 2023 ഓഗസ്റ്റ് 11ന് ഒന്നാം എതിർകക്ഷിയുമായി ഉണ്ടാക്കിയ വാഹന വിൽപ്പന കരാർ പ്രകാരം കൈമാറിയതാണെന്ന് പരാതിയിൽ പറയുന്നു. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനാവശ്യമായ രേഖകളിൽ ഭർത്താവ് ഒപ്പിട്ട് നൽകിയിരുന്നെന്നും, ഒരു മാസത്തിനുള്ളിൽ വാഹനത്തിന്റെ സെയിൽ ലെറ്റർ നൽകി ഉടമസ്ഥാവകാശം മാറ്റാമെന്ന് കരാറിൽ വ്യവസ്ഥ ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു.

എന്നാൽ കരാർ പ്രകാരം വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയില്ലെന്നാണ് പരാതി. ഇതുസംബന്ധിച്ച് ഭർത്താവും താനും ഒന്നാം എതിർകക്ഷിയുമായി ബന്ധപ്പെട്ടപ്പോൾ ഉടൻ ഉടമസ്ഥാവകാശം മാറ്റിനൽകിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്നും പരാതിയിൽ പറയുന്നു. ഇതിനിടെ 2025 ഡിസംബർ 25ന് ഭർത്താവ് മരണപ്പെട്ടതായും പരാതിക്കാരി പറയുന്നു. തുടർന്ന് വാഹനവുമായി ബന്ധപ്പെട്ട് നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തിയെന്നും 5,080 രൂപ അടയ്ക്കുന്നതിനായി തന്റെ വസ്തുവിൽ ജപ്തി നടപടി ഉണ്ടായെന്നും പരാതിയിൽ ആരോപിക്കുന്നു. ഗത്യന്തരമില്ലാതെ താൻ തുക വില്ലേജ് ഓഫീസിൽ അടച്ചതായും പരാതിയിൽ പറയുന്നു.

ഇക്കാര്യം ഒന്നാം എതിർകക്ഷിയോട് ചോദിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള രേഖകൾ രണ്ടാം എതിർകക്ഷിയുടെ കൈവശമാണെന്ന് പറഞ്ഞതായും പരാതിക്കാരി ആരോപിക്കുന്നു. എന്നാൽ നടത്തിയ അന്വേഷണത്തിൽ വാഹനം പൊളിച്ചുവിറ്റതായി അറിഞ്ഞെന്നും, ഇതുവരെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ എതിർകക്ഷികൾ തയ്യാറായിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

വിശ്വാസവഞ്ചനയും ചതിയും നടത്തി അന്യായലാഭം ഉണ്ടാക്കുന്നതിനായി തന്റെ വാഹനം കൈപ്പറ്റി ദുരുപയോഗം ചെയ്തുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. എതിർകക്ഷികൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് 2026 ഓഗസ്റ്റ് 20ന് പരാതിക്കാരി കാഞ്ഞിരപ്പള്ളി ഡിവൈഎസ്.പിയ്ക്ക് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *