ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ മനുഷ്യ വിസർജ്യത്തിന്റെ അംശം സൂചിപ്പിക്കുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോർട്ടിലാണ് റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ള സുരക്ഷ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ദക്ഷിണ റെയിൽവേയിലെ പ്രധാന ജംഗ്ഷനുകളായ പാലക്കാട്, കോയമ്പത്തൂർ ഉൾപ്പെടെ രാജ്യത്തെ നാല് സോണുകളിലായുള്ള എട്ട് പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ വാട്ടർ കൂളറുകളിലെ വെള്ളത്തിലാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.

പാലക്കാട്, കോയമ്പത്തൂർ ജംഗ്ഷനുകൾക്ക് പുറമെ സൗത്ത് സെൻട്രൽ റെയിൽവേയിലെ ഹൈദരാബാദ്, സെൻട്രൽ റെയിൽവേയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (CSMT), ഭീവണ്ടി റോഡ്, കല്യാൺ, ലോണാവാല, ഈസ്റ്റേൺ റെയിൽവേയിലെ മധുപൂർ എന്നീ സ്റ്റേഷനുകളിലാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.രാജ്യത്തെ നോൺ-സബർബൻ വിഭാഗത്തിലുള്ള 512 റെയിൽവേ സ്റ്റേഷനുകളിലാണ് സി.എ.ജി ഓഡിറ്റ് നടത്തിയത്.

ഇതിൽ ആറ് റെയിൽവേ സോണുകളിലായുള്ള 59 സ്റ്റേഷനുകളിൽ കുടിവെള്ളത്തിന്റെ ബാക്ടീരിയോളജിക്കൽ പരിശോധനകൾ ഒട്ടുംതന്നെ നടത്തിയിട്ടില്ലെന്ന് ഓഡിറ്റിൽ കണ്ടെത്തി. കൂടാതെ ഡസൻ കണക്കിന് സ്റ്റേഷനുകളിലെ ടാപ്പുകളിൽ നിന്നുള്ള കുടിവെള്ള സാമ്പിളുകളിൽ ഇ-കോളി ഉൾപ്പെടെയുള്ള കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *