സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കേരളത്തിലെ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ശേഷിക്കുന്ന ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്.

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. വടക്കന്‍ പസിഫിക് സമുദ്രത്തില്‍ രൂപംകൊണ്ട ഡോള്‍ഫിന്‍ ചുഴലിക്കാറ്റാണ് മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ഓഗസ്റ്റ് 10 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മീന്‍പിടിത്തം നിരോധിച്ചു. കേരളം – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *