കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിന് സമീപം 38-കാരനായ ബിജു കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ബിജുവിന്റെ മൃതദേഹത്തിൽ കഴുത്തിന്റെ മുൻപിലും പുറകിലുമായി ആകെ 45-ഓളം മാരകമായ വെട്ടുകളും കുത്തുകളുമുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകം ഉറപ്പിക്കണമെന്ന ലക്ഷ്യത്തോടെയുള്ള ആക്രമണത്തിനു പിന്നിൽ പ്രദേശത്തെ ലഹരിസംഘമാണെന്ന സംശയത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജ്ജിതമാക്കി.

ഞായറാഴ്ച പുലർച്ചെയാണ് പാളയം ബസ് സ്റ്റാൻഡിന് സമീപമുള്ള ഒറ്റമുറി വീട്ടിനുള്ളിൽ ബിജുവിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് പാൽ ഡയറിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായിരുന്നു ബിജു നടത്തിയിരുന്നത്. പതിവുപോലെ ജോലികൾക്കായി വിളിക്കാൻ എത്തിയ അമ്മ, മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് അയൽവാസികളെ അറിയിക്കുകയായിരുന്നു. തുടർന്ന് കസബ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കൊലപാതകം പുറത്തറിഞ്ഞത്.
ബിജുവിന് വ്യക്തിപരമായി ശത്രുക്കളാരും ഉണ്ടായിരുന്നില്ലെന്നാണ് അമ്മയും സഹോദരിയും മൊഴി നൽകിയിട്ടുള്ളത്. എങ്കിലും പ്രദേശത്ത് തമ്പടിക്കുന്ന ലഹരിസംഘങ്ങളെ നിരന്തരം ചോദ്യം ചെയ്തിരുന്നു. ബിജുവിന്റെ വീടിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടം കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരി വിൽപ്പനയും ഉപയോഗവും അദ്ദേഹം ചോദ്യം ചെയ്യുകയും സംഘവുമായി പലതവണ തർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *