തൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പൊലീസിനുമെതിരെ വിവാദ പരാമർശവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. ഇടുക്കി കഞ്ഞിക്കുഴി മേഖലയിൽ റവന്യൂ ഭൂമി വനംവകുപ്പ് കയ്യേറുന്നുവെന്ന് ആരോപിച്ച് കർഷക സംഘം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.മര്യാദയ്ക്ക് കാര്യങ്ങൾ നടന്നില്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരുമെന്നും, തങ്ങളെ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും എം എം മണി മുന്നറിയിപ്പ് നൽകി. “ഫോറസ്റ്റുകാർ പൊലീസ് ചമയണ്ട, പൊലീസുകാർ ഫോറസ്റ്റും ചമയണ്ട. മര്യാദയ്ക്ക് കാര്യങ്ങൾ ചെയ്താൽ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരും,” എന്ന് അദ്ദേഹം പറഞ്ഞു.”പൊലീസുകാർ ഞങ്ങൾക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ. നിങ്ങളെപ്പോലെ അവർക്കും കുടുംബമുണ്ട്. ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കും.

ഇത് തമാശയല്ല,” എന്ന പരാമർശവും അദ്ദേഹം നടത്തി.വനംവകുപ്പ് റവന്യൂ ഭൂമി കയ്യേറി ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് മകരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക സംഘം നടത്തിയ മാർച്ചിലാണ് എം എം മണി ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വിമർശിച്ചും അദ്ദേഹം സംസാരിച്ചു.

