മുംബൈ: ഇ20 പെട്രോൾ ഉപയോഗം സംബന്ധിച്ച് വാഹന ഉടമകളിൽ ആശങ്ക ഉയരുന്നതിനിടെ, 20 ശതമാനം എഥനോൾ കലർന്ന ഇന്ധനം ചില വാഹനങ്ങളിൽ ദീർഘകാല പ്രശ്നങ്ങൾക്ക് ഇടയാക്കാമെന്ന് കേന്ദ്ര സർക്കാരിന് കീഴിലുള്ള Automotive Research Association of Indiaയുടെ പഠനം. രാജ്യത്ത് ഇ20 പെട്രോൾ വ്യാപകമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവന്നത്.
ടർബോചാർജ്ഡ് എൻജിനുകളിലാണ് ഇ20 ഇന്ധനത്തിന്റെ സ്വാധീനം കൂടുതൽ പ്രകടമാകാൻ സാധ്യതയെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇ10 പെട്രോളിനായി രൂപകൽപ്പന ചെയ്ത വാഹനങ്ങളിലെ റബ്ബർ ഭാഗങ്ങളായ ഹോസുകൾ, സീലുകൾ, ഒ-റിങ്ങുകൾ, ഗാസ്കറ്റുകൾ എന്നിവയിൽ കൂടുതൽ എഥനോൾ അടങ്ങിയ ഇന്ധനം ദീർഘകാലത്തിൽ കേടുപാടുകൾ സൃഷ്ടിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇ20-സജ്ജമായ പുതിയ വാഹനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വാഹന നിർമാതാക്കളുടെ വിശദീകരണം.
ഇ20 ഉപയോഗം മുൻകൂട്ടി പരിഗണിച്ച് ആവശ്യമായ പരിശോധനകൾ നടത്തിയ ശേഷമാണ് ഇത്തരം വാഹനങ്ങൾ വിപണിയിലെത്തിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.
ഇ20 ഉപയോഗവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ നിർമാതാവ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. പഴയ മോഡൽ വാഹനങ്ങളുടെ ഉടമകൾ തങ്ങളുടെ വാഹനം ഇ20 അനുയോജ്യമാണോയെന്ന് പരിശോധിച്ചശേഷം മാത്രമേ ഇന്ധനം ഉപയോഗിക്കാവൂ എന്നും അവർ നിർദേശിക്കുന്നു.

