തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാവിവാദത്തില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപിയുടെ 20 കൗണ്‍സിലര്‍മാരുടേയും സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചു. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടു. സിപിഎം നേതാവും കൗണ്‍സിലറുമായ എസ് പി ദീപക് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ബിജെപിയുടെ 20 കൗണ്‍സിലര്‍മാര്‍ ദൈവങ്ങളുടെയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ നടത്തിയത് വിവാദമായിരുന്നു. സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള ചട്ടം ലംഘിച്ചുകൊണ്ടുള്ളതാണ് ഇവരുടെ സത്യപ്രതിജ്ഞയെന്ന് കോടതി വിലയിരുത്തി. അതിനാല്‍ സത്യപ്രതിജ്ഞ റദ്ദാക്കുകയാണെന്നും കോടതി വിധിച്ചു.

കേര‌ള മുൻസിപ്പാലിറ്റി നിയമം (1994) അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ഒരു ജനപ്രതിനിധി ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘സഗൗരവം’ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനു വിപരീതമായി വ്യക്തികളുടെയോ ഇഷ്ടദേവതകളുടെയോ രക്തസാക്ഷികളുടെയോ പേരുകൾ കൂട്ടിച്ചേർത്ത് പ്രതിജ്ഞ ചെയ്യുന്നത് ചട്ടലംഘനമാണ്. ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകങ്ങളിൽ മാറ്റം വരുത്താനോ സ്വന്തം ഇഷ്ടപ്രകാരം കൂട്ടിച്ചേർക്കലുകൾ നടത്താനോ സഭാംഗങ്ങൾക്ക് നിയമപരമായി അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത ബിജെപി കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കൂടിയായ എസ് പി ദീപക്ക് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി സത്യപ്രതിജ്ഞ അസാധുവാക്കുകയാണ് ചെയ്തത്. സത്യപ്രതിജ്ഞയില്‍ അസാധാരണമായ ഒന്നുമില്ലെന്നായിരുന്നു വിവാദങ്ങളോട് അന്ന് ബിജെപി പ്രതികരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed