കാഞ്ഞിരപ്പള്ളി: ചെറിയൊരു മഴ പെയ്താൽ പോലും കെ.കെ റോഡിൽ കാഞ്ഞിരപ്പള്ളി ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്ത് രൂപപ്പെടുന്ന ശക്തമായ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും വാഹനയാത്രികർക്കും വലിയ ദുരിതമാകുന്നു. വർഷങ്ങളായി തുടരുന്ന ഈ ജനദ്രോഹ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ ദേശീയപാത അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

വെള്ളക്കെട്ട് രൂപപ്പെടുമ്പോൾ താൽക്കാലികമായി നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന രീതിയിലുള്ള ചില പ്രഹസന നടപടികൾ അല്ലാതെ, ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഇതുവരെ അധികൃതർക്കായിട്ടില്ല. റോഡിലൂടെ ഒഴുകിപ്പോകേണ്ട വെള്ളം ഓടകളിലേക്ക് സുഗമമായി ഇറങ്ങാത്തതും, ഓടകളുടെ അശാസ്ത്രീയ നിർമ്മാണവുമാണ് ഇവിടെ വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡരികിലൂടെ നടക്കുന്ന കാൽനടയാത്രക്കാരുടെ മേലേക്ക് മലിനജലം തെറിക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. കൂടാതെ വെള്ളക്കെട്ടുള്ള ഭാഗത്തെ കുഴികൾ കാണാൻ സാധിക്കാത്തത് ഇരുചക്രവാഹന യാത്രക്കാരെ വലിയ അപകടങ്ങളിലേക്കും തള്ളിവിടുന്നു. ദേശീയപാത അധികൃതരുടെ ഈ കടുത്ത അനാസ്ഥ അവസാനിപ്പിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

ദേശീയപാത അധികൃതരുടെ ഈ നിരുത്തരവാദപരമായ സമീപനത്തിലും അനാസ്ഥയിലും പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പമ്പിന് മുൻവശത്ത് പ്രതിഷേധ ബോർഡും കൊടിയും സ്ഥാപിച്ചു. അടിയന്തരമായി ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *