സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ പ്രതികരിച്ച് മുൻമന്ത്രിയും വീണ വിജയന്റെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ…..പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും എന്നാണ് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും പ്രതികരിച്ചു. പിണറായിടെ വിട്ടിൽ റെയ്‌ഡ് നടത്തിയിട്ടു ഒരു കാര്യവും ഇല്ല. മടിയിൽ കനമില്ലാത്ത പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കും. വല്ല കോൺഗ്രസ്സുകാരൻ്റേയും വീട്ടിൽ പോയി റെയ്‌ഡ് നടത്തിയാൽ ED പോരുന്നവഴി BJP ക്ക് ഒരു നേതാവിനെ കിട്ടും. ബിനീഷ് കോടിയേരി ഫെയ്സ്ബുക്കിൽ കുറിച്ചു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീടുകളിൽ അടക്കമാണ് ഇഡി റെയ്ഡ് നടത്തുന്നത്. ആകെ 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്. പിണറായിയുടെ കണ്ണൂരിലെ വീട്,സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട് , മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്, എക്‌സാലോജികിന്റെ ബംഗളൂരുവിലെ ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്.
മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച നടപടി ചോദ്യം ചെയ്ത് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) കമ്പനിയും ഉദ്യോഗസ്ഥരും നൽകിയ ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി പരിശോധന.

