കേരളത്തില്‍ പുതിയ വി.ഡി. സതീശന് മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ നമ്പര്‍ വിതരണത്തില്‍ ഉയര്‍ന്നുകേട്ട കൗതുകകരമായ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ശുഭപര്യവസാനം. ഭാഗ്യമില്ലാത്ത നമ്പറായി കണ്ട് മറ്റ് മന്ത്രിമാരെല്ലാം ഏറ്റെടുക്കാന്‍ മടിച്ച് മാറ്റിനിര്‍ത്തിയിരുന്ന ‘പതിമൂന്നാം നമ്പര്‍’ ഔദ്യോഗിക കാര്‍ (State Car 13) പുതിയ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ചോദിച്ചുവാങ്ങി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 13-ാം നമ്പര്‍ കാര്‍ ആരും സ്വീകരിക്കാത്തത് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു.

ഇതിന് പിന്നാലെയാണ് അനാഥമായി ഗാരേജില്‍ കിടന്ന പതിമൂന്നാം നമ്പര്‍ കാറിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസ കഥകള്‍ക്ക് വിരാമമിട്ടുകൊണ്ട് ലീഗ് പ്രതിനിധിയായ കെ.എം. ഷാജി രംഗത്തെത്തിയത്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ കഴിഞ്ഞയുടന്‍ തന്നെ ടൂറിസം വകുപ്പ് സാധാരണയായി നല്കാറുള്ളതുപോലെ 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നെങ്കിലും പുതിയ മന്ത്രിമാരില്‍ ആരും തന്നെ ഈ വാഹനം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. പൊതുവെ 13 എന്ന അക്കത്തെ അപശകുനമായും ഭാഗ്യദോഷമായുമാണ് പലരും കണക്കാക്കുന്നത്.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് 13-ാം നമ്പര്‍ വാഹനം ഉപയോഗിച്ച പലരും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുകയോ, മത്സരരംഗത്തുനിന്ന് മാറ്റിനിര്‍ത്തപ്പെടുകയോ, പാര്‍ട്ടിയില്‍ ഒതുക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന രാഷ്ട്രീയ ഗോസിപ്പുകളാണ് മന്ത്രിമാരെ ഇതില്‍ നിന്നും പിന്നോട്ട് വലിപ്പിച്ചത്. ഇതേത്തുടര്‍ന്ന് കെ.എം ഷാജിക്ക് സത്യപ്രതിജ്ഞാ സമയത്ത് ആദ്യം അനുവദിച്ചിരുന്നത് ഒമ്പതാം നമ്പര്‍ വാഹനമായിരുന്നു. ഈ കാറിലാണ് അദ്ദേഹം സെക്രട്ടറിയേറ്റിലെത്തിയത്.

എന്നാല്‍ തനിക്ക് ഒമ്പതാം നമ്പര്‍ കാര്‍ വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ചെന്നിത്തലയുടെ താല്പര്യം മാനിച്ചുകൊണ്ട് കെ.എം. ഷാജി തന്റെ 9-ാം നമ്പര്‍ കാര്‍ അദ്ദേഹത്തിന് സന്തോഷത്തോടെ വിട്ടുനല്‍കുകയും, പകരം ആരും തൊടാത്ത 13-ാം നമ്പര്‍ കാര്‍ തനിക്ക് മതിയെന്ന് വ്യക്തമാക്കി അത് ചോദിച്ചു വാങ്ങുകയുമായിരുന്നു.


