സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടുത്ത ചൂടില്‍ ഇഴജന്തുക്കള്‍ ജനവാസമേഖലകളിലേക്കും തണുപ്പ് തേടി പാര്‍പ്പിടങ്ങള്‍ക്കകത്തേക്കും എത്താന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

തൃശൂര്‍ കോടാലിയില്‍ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് എട്ടു വയസ്സുകാരന്‍ ദാരുണമായി മരണപ്പെട്ട സംഭവം നമ്മുടെ മുന്നിലുണ്ട്. ആ കുഞ്ഞിനുണ്ടായ ദുരന്തത്തില്‍ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നതിനൊപ്പം കുടുംബത്തിന്റെയും നാടിന്റെയും വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്യുഷ്ണം അപ്രതീക്ഷിതമായ പല ദുരന്തങ്ങളിലേക്കും നയിക്കും എന്ന് സൂചിപ്പിക്കുന്ന ഒരു അനുഭവമാണിത്.

പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണം. പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം.

ചൂടില്‍ നിന്ന് രക്ഷ നേടാന്‍ ജലാശയങ്ങളിലും പുഴകളിലും കുട്ടികള്‍ കുളിക്കാന്‍ പോകാറുണ്ട്. അവിടങ്ങളിലും നല്ല തരത്തിലുള്ള ജാഗ്രത പാലിക്കണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഈ കഠിനമായ വേനല്‍ക്കാലത്തെ നമുക്ക് സുരക്ഷിതമായി മറികടക്കാമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *