അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി അധ്യാപകരായ ഡോ. എം കെ റാമും ഡോ. സംഗീതയും. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നിതിന്റെ മരണത്തില്‍ പങ്കില്ലെന്നും ആത്മഹത്യയ്ക്ക് കാരണം ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. സംഭവദിവസം പ്രിന്‍സിപ്പലിന്റെ റൂമില്‍ താന്‍ ഇല്ലായിരുന്നുവെന്നും റാം ഹര്‍ജിയില്‍ പറയുന്നു.
വിദ്യാര്‍ഥിയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഡോ. റാമും സംഗീതയും ഒളിവിലാണ്. ഇരുവരെയും പിടികൂടാന്‍ വൈകുന്നതില്‍ പൊലീസിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. എംകെ റാമിനെയും സംഗീതയെയും കോളേജ് സസ്പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. പ്രതികള്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് പൊലിസ് നല്കുന്ന വിവരം. സംഭവം നടന്നിട്ട് ഒരാഴ്ച്ച തികഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫീസിലേക്ക് യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.
കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് ഉച്ചയ്ക്ക് ഒന്നരയോടെ നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയത്. മെഡിക്കല്‍ കോളേജ് അതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ അന്നേ ദിവസം വെകിട്ട് മരണമടഞ്ഞു. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുമുണ്ടായിരുന്നു.

