മലപ്പുറം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലേക്ക് സന്ദർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടയ്ക്കലിൽ ചികിത്സയിൽ കഴിയവെയാണ് മലപ്പുറം ഡിസിസി സംഘടിപ്പിച്ച യോഗത്തിലേക്ക് അദ്ദേഹം എത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്നവരിൽ രാഹുലിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.
രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽനിന്നാണ് ഉയർന്നുവരേണ്ടതെന്നും ഉമ്മൻ ചാണ്ടി അത്തരത്തിൽ ഉയർന്നുവന്ന ഒരാളാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹം എനിക്ക് വഴി കാട്ടിയായിരുന്നു. ഉമ്മൻ ചാണ്ടിയിലൂടെ കേരളത്തിലെ ജനങ്ങളെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചുവെന്നും രാഹുൽ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കേരളത്തിൽ എത്തിയപ്പോൾ അസുഖ ബാധിതൻ ആയിട്ടും ഉമ്മൻ ചാണ്ടി എന്റെ കൂടെ നടക്കണമെന്ന് പറഞ്ഞു. തടഞ്ഞിട്ടും അദ്ദേഹം പിന്മാറാൻ തയ്യാറാവാതിരുന്നതോടെ കൂടെ നടക്കാൻ താൻ സമ്മതിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കൈ പിടിച്ചു ഞാൻ നടന്നു. ഉമ്മൻ ചാണ്ടിയെ കുറിച്ച് ഒരു മോശം വാക്ക് പോലും ഞാൻ ഇത് വരെ കേട്ടിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ വഴിയിലൂടെ എല്ലാവരും സഞ്ചരിക്കണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.