ഇറാൻ-അമേരിക്ക യുദ്ധത്തിൽ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തൽ. യുദ്ധത്തിലെ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായും ശത്രുപക്ഷം മാസങ്ങളായി വെടിനിർത്തലിനായി യാചിക്കുകയായിരുന്നുവെന്നുമാണ് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അവകാശപ്പെടുന്നത്. അമേരിക്കയെ ചരിത്രപരമായ നിസ്സഹായതയിലേക്കും പരാജയത്തിലേക്കും എത്തിച്ച ശേഷമാണ് തങ്ങൾ ഈ തീരുമാനമെടുത്തതെന്നും ഇറാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനായി പത്ത് പ്രധാന നിബന്ധനകളടങ്ങിയ ഒരു കർമ്മപദ്ധതിയാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ സൈന്യത്തിന്റെറെ നിയന്ത്രണത്തിലാക്കുക, മേഖലയിലെ താവളങ്ങളിൽ നിന്ന് അമേരിക്കൻ സേന പിൻവാങ്ങുക, യുദ്ധനഷ്ടപരിഹാരം നൽകുക, എല്ലാ ഉപരോധങ്ങളും നീക്കി മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക തുടങ്ങിയവയാണ് ഇതിലെ പ്രധാന ആവശ്യങ്ങൾ. ഈ നിബന്ധനകൾ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തിലൂടെ അംഗീകരിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു.

നിലവിലെ വെടിനിർത്തൽ യുദ്ധത്തിന്റെ അന്ത്യമല്ലെന്നും ചർച്ചകളിൽ തങ്ങളുടെ നിബന്ധനകൾ പൂർണ്ണമായി അംഗീകരിക്കപ്പെട്ടാൽ മാത്രമേ പോരാട്ടം അവസാനിപ്പിക്കുകയുള്ളൂ എന്നും ഇറാൻ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. എങ്കിലും വരാനിരിക്കുന്ന രണ്ടാഴ്ചത്തെ സമയപരിധിക്കുള്ളിൽ അന്തിമവും നിർണ്ണായകവുമായ ഒരു കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡൊണാൾഡ് ട്രംപും അമേരിക്കൻ ഭരണകൂടവും.


